കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ തിളങ്ങി മാളികപ്പുറം, മികച്ച ജനപ്രിയ ചിത്രം

പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയ ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം. രണ്ട് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച ജനപ്രിയ ചിത്രമായാണ് മാളികപ്പുറം തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിൽ ​ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കണ്ണു നനയിച്ച ബേബി ദേവനന്ദ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.
ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മാളികപ്പുറത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു ഇത്.

അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയപ്പോൾ, ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദർശനാ രാജേന്ദ്രൻ മികച്ച നടിക്കുള്ള അവാർഡ് നേടി. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിനൊപ്പം രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട് എന്ന സിനിമയും മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി.

ഹെഡ്മാസ്റ്റർ എന്ന സിനിമയിലെ അഭിനയത്തിന് മാസ്റ്റർ ആകാശ്‌രാജിനെയും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം തേടിയെത്തി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവർ പങ്കിടും. മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ (അറിയിപ്പ്). മികച്ച സഹനടനുള്ള പുരസ്‌കാരം തമ്പി ആന്റണിയാണ് സ്വന്തമാക്കിയത്.