കോവിഡ് പിടിപെട്ടെന്നും മരിച്ചുപോകുമെന്നും ഭാര്യയോടു കള്ളം പറഞ്ഞു: കാമുകിയുമായി കടന്ന വിദ്വാനെ പോലീസ് പൊക്കി

മുംബൈ: ഭാര്യയും ഭർത്താവും തമ്മിൽ കുടുംബ വഴക്കുകളും കലഹങ്ങളും സാധാരണമാണ്. തുടർന്നുണ്ടാകുന്ന വിവാഹമോചനവും സാധാരണമായി നടക്കുന്ന കാര്യങ്ങളാണ്. മുംബൈയിൽ നടന്ന സംഭവമാണ് ഇപ്പോൾ വാർത്തയിൽ ശ്രദ്ധനേടുന്നത്. ഭാര്യയെ ഒഴിവാക്കാനായി ഭർത്താവ് പറഞ്ഞ കള്ളം പോലീസ് കയ്യോടെ പൊക്കി. കോവിഡ്–19 രോ​ഗം തന്നെ ​ഗുരുതരമായി ബാധിച്ചുവെന്നും താൻ പെട്ടെന്ന് മരിച്ചുപോകുമെന്നുമാണ് ഭാര്യയെ പറഞ്ഞു ധരിപ്പിച്ചത്. ശേഷം കാമുകിയുമായി ഭർത്താവ് കടന്നു കളഞ്ഞു.

ഭർത്താവിന്റെ നട്ടാൽ കുരുക്കാത്ത നുണ പൊളിഞ്ഞപ്പോൾ മുംബൈ പോലീസ് കയ്യോടെ പൊക്കുകയും ചെയ്തു. നവി മുംബൈയിലെ ജെഎൻപിടിയിൽ ക്ലിയറിങ് ഏജൻസിയുടെ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മനീഷ് മിശ്രയെയാണ് പിടികൂടിയത്.

ഇക്കഴിഞ്ഞ ജൂൺ 24നാണ് മനീഷ് മിശ്ര ഭാര്യയെ വിളിച്ച് തനിക്ക് കോവിഡ് പോസിറ്റീവ് ആയെന്നും മരിച്ചുപോകുമെന്നും പറഞ്ഞത്. പിന്നീടു ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. താൻ മരിച്ചുപോയി കാണുമെന്ന് ഭാര്യ വിശ്വസിക്കുമെന്നായിരുന്നു മനീഷിന്റെ കാഞ്ഞ ബുദ്ധി. എന്നാൽ പിറ്റേന്നും മനീഷ് വീട്ടിൽവരാതിരുന്നതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ സ്വച്ച് ഓഫ് ചെയ്യുന്നതിനു മുൻപു ഇയാൾ വാഷി എന്ന സ്ഥലത്തായിരുന്നുവെന്ന് വ്യക്തമായി. അവിടെനിന്ന് ബൈക്കും താക്കോലും ഹെൽമറ്റും ജോലിക്കായി കൊണ്ടുപോകുന്ന ബാഗും കണ്ടെത്തി.

പ്രദേശത്തെ മീൻപിടിത്തത്തൊഴിലാളികളെക്കൊണ്ട് വാഷി നദീമുഖത്ത് തിരച്ചിലും നടത്തിയിരുന്നു. തുടർന്നാണ് പോലീസ് സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചത്. ഇയാളുടെ ചിത്രം വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഐറോളിയിലെ സിസിടിവി ദൃശ്യത്തിൽ ഒരു വനിതയ്ക്കൊപ്പം കാറിൽ ഇയാൾ യാത്ര ചെയ്യുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് കാമുകിക്കൊപ്പം ഇൻഡോറിലുണ്ടെന്നു വ്യക്തമായത്. പിന്നീട് കാമുകനെയും കാമുകിയെയും പോലീസ് കയ്യോടെ പൊക്കി.