ബറോസ് എന്ന ടാറ്റൂവുമായി മോഹൻലാൽ, ഫോട്ടോകൾ വൈറൽ

മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ കൈയ്യിലെ ടാറ്റുവിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ബറോസ് എന്നാണ് താരം തന്റെ കയ്യിലെ ടാറ്റുവിൽ എഴുതിയിരിക്കുന്നത്. കൈത്തണ്ടയിൽ ബറോസ് എന്ന തൻ്റെ സിനിമയുടെ ടൈറ്റിലാണ് പച്ച കുത്തിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നതും മോഹൻലാലിൻ്റെ കൈയ്യിൽ കണ്ടെത്തിയ ടാറ്റു ആണ്. ടാറ്റൂവിനെക്കുറിച്ച് ബിഗ്‌ബോസ് താരങ്ങൾ മോഹൻലാലിനോട് ചോദിച്ചപ്പോഴാണ് പ്രേക്ഷകരും അത് ശ്രദ്ധിച്ചത്. മത്സരാർത്ഥികളുടെ ചോദ്യത്തിന് മോഹൻലാൽ മറുപടി നൽകിയത് സുന്ദരമായ ഒരു കള്ളച്ചിരിയോടെയാണ്. ടാറ്റു ചെയ്യുന്നതിന്റെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. നിരവധിപ്പേരാണ് ടാറ്റു സൂപ്പറായെന്ന് അഭിപ്രായപ്പെടുന്നത്

മോഹൻലാൽആദ്യമായി സംവിധായകന്റെ കുപ്പായം അലങ്കരിക്കുന്ന ആദ്യ ചിത്രമാണ് ബറോസ്. അതിനാൽ അത്രമേൽ പ്രിയപ്പെട്ടതാണ് ബറോസ്. ഇതിനോടനുബന്ധിച്ചുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയയിൽ വൈറലായിരുന്നു. പോർച്ചുഗീസ് പശ്ചാത്തലമുള്ള സിനിമയാണ് ബറോസ് . വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

കഴിഞ്ഞയാഴ്ചയാണ് പൃഥ്വിരാജ് ഉൾപ്പെട്ട രംഗങ്ങൾ കൊച്ചിയിൽ പൂർത്തിയാക്കിയത്. ബറോസിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് പൃഥ്വിരാജ് കടുവ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിലെത്തി ഷൂട്ടിൻ്റെ ഭാഗമായത്. ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്ന് ഡയറക്ടർ കസേരയിൽ ഇരിക്കുന്ന മോഹൻലാലിൻറെ ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.