സദാചാര ഗുണ്ടായിസ൦: വിദ്യാര്‍ത്ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂരമര്‍ദനം

തൃശൂർ ചീയാരത്ത് വിദ്യാര്‍ത്ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂരമര്‍ദനം. തൃശൂരിലെ ചേതന കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദനമേറ്റത്. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി അപകടമുണ്ടാക്കി എന്നാണ് നാട്ടുകാരുടെ വാദം. എന്നാൽ ആക്രമിച്ചവർ സദാചാര ഗുണ്ടായിസമാണ് ചെയ്തതെന്നാണ് ആക്രമിക്കപ്പെട്ട അമലിന്റെ ആരോപണം. താന്‍ ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നതിലും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതിലും ഇവരെന്തിന് ഇടപെടണമെന്ന് മര്‍ദനത്തിനുശേഷം അമല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചോദിച്ചു.

അമലിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. കൊടകര സ്വദേശി ഡേവിസ് ആണ് വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ല് വച്ച് ഇടിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് യാത്ര ചെയ്തത് ചോദ്യം ചെയ്തായിരുന്നു മര്‍ദനമെന്ന് അമല്‍ പ്രതികരിച്ചു. മര്‍ദനത്തിനിടെ വസ്ത്രധാരണത്തെക്കുറിച്ചും പരാമര്‍ശിച്ചതായി വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. ബൈക്കില്‍ നിന്ന് വീണ പെണ്‍കുട്ടിയെ സഹായിക്കാതെ നാട്ടുകാരില്‍ ചിലര്‍ പാഞ്ഞടുക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് അമല്‍ പറയുന്നത്. നിരവധി ആളുകള്‍ ചേര്‍ന്ന് അമലിനെ നിലത്തേക്ക് തള്ളി ക്രൂരമായി മര്‍ദിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം.