മലപ്പുറത്ത് വരണമാല്യം ചാർത്താൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവം മാഞ്ഞു തുടങ്ങും മുൻപേ ദുരഭിമാനം തലയ്ക്ക്പിടിച്ച് സഹോദരി ഭർത്താവിനെ മധുവിധു തീരും മുൻപേ തോട്ടിൽ കൊന്ന് തള്ളി; ബ്രിജേഷിന്റെയും നീനുവിന്റെയും കണ്ണുനീരിന് ആര് ഉത്തരം പറയും

കെവിന്റേത് ദുരഭിമാനക്കൊല. നീനുവിന്റേത് ഉയര്‍ന്ന ധനസ്ഥിതിയിലുള്ള കുടുംബം. നീനുവിന്റെ സഹോദരനൊപ്പം പങ്കുചേര്‍ന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ചെങ്ങന്നൂര്‍ ഇലക്ഷനു തൊട്ടുതലേന്ന് കേരളത്തെ നടുക്കിയ കൊലപാതകവും കേസ് ഒതുക്കാന്‍ പോലീസ് നടത്തിയ നീചമായ നീക്കങ്ങളും പുറത്ത്.

ദുരഭിമാനത്തില്‍ കലിപൂണ്ട ഒരു കൂട്ടം ഗുണ്ടകള്‍ നവവധുവിന്റെ സഹോദരന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടുമണിക്ക് വീടു ചവിട്ടിപൊളിച്ച് അകത്തു കടന്നു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കെവിന്റെ അമ്മാവന്റെ മകനായ അനീഷിന്റെ വീട്ടിലായിരുന്നു കെവിന്‍ കഴിഞ്ഞിരുന്നത്. നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലാക്കിയിരുന്നു.

നീനു അലറിക്കരഞ്ഞുകൊണ്ട് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി. തന്റെ ഭര്‍ത്താവിനെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി അവര്‍ കെവിനെ വധിക്കുമെന്ന് കരഞ്ഞുപറഞ്ഞു. ഈ പെണ്‍കുട്ടിയെ പരിഹസിച്ചുകൊണ്ട് എസ്.ഐ. എം.എസ്. ഷിബു പറഞ്ഞു, ”ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട് അതിന്റെ തിരക്കുകള്‍ കഴിയട്ടെ, നോക്കാം”. എന്നാല്‍ ബന്ധുക്കള്‍ പറയുന്നത് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയുടെ സഹോദരന്‍ നിരന്തരം എസ്.ഐ. യുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. എസ്.ഐ. അവരില്‍ നിന്ന് പണം കൈപ്പറ്റി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ്.

വീട്ടില്‍ നിന്ന് മര്‍ദ്ദിച്ച് നിലത്തിട്ട് വലിച്ചിഴച്ച് രണ്ടു വാഹനങ്ങളില്‍ പത്തോളം ആളുകള്‍ ചേര്‍ന്നാണ് കെവിനെയും, അനീഷിനെയും തട്ടിക്കൊണ്ടുപോയത്. കമ്പിപ്പാരയും, ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ടി.വി, ഫ്രിഡ്ജ് തുടങ്ങി വീട്ടിലെ മുഴുവന്‍ സാധനങ്ങളും അടിച്ചുതകര്‍ത്തു. ഇരുവരുടെയും കഴുത്തില്‍ വടിവാള്‍ വച്ചശേഷം സംഘം രണ്ടു കാറുകളില്‍ തിരിച്ചു. വഴിക്കുവച്ച് ഒരു കാറുകൂടിയെത്തി. പിന്നീട് തെ•ല ഭാഗത്തെത്തിയപ്പോള്‍ അനീഷിനെയും, കെവിനെയും രണ്ടു വണ്ടികളിലേക്ക് മാറ്റി.

ക്രൂരമായ മര്‍ദ്ദന പരമ്പരയാണ് അരങ്ങേറിയത്. മര്‍ദ്ദിച്ചവശനാക്കിയശേഷം അനീഷിനെ വഴിയിലുപേക്ഷിച്ചു. നീനുവും കെവിനും തമ്മില്‍ നാലുവര്‍ഷക്കാലമായി നീണ്ടപ്രണയം. നീനുവിനെ മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി ഇരുവരുമായി സംസാരിച്ചു. പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി കെവിനൊപ്പമേ ജീവിക്കൂ എന്ന് ഉറച്ചുനിന്നു. പെണ്‍കുട്ടിയെ പോലീസിന്റെ മുന്നില്‍വച്ചു മര്‍ദ്ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ സംഘം പിന്‍മാറി.

വിവാഹം കഴിഞ്ഞതിനു പിന്നാലെയാണ് ഈ ദുരന്തം കോട്ടയത്ത് സംഭവിച്ചതെങ്കില്‍ വിവാഹത്തലേന്നാണ് ആതിരയ്ക്ക് കുത്തേറ്റത്. താഴ്ന്ന ജാതിയില്‍പ്പെട്ട ബ്രിജേഷ എന്ന യുവാവിനെ സ്‌നേഹിച്ച് ആതിരയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. അച്ഛന്റെ മര്‍ദ്ദനം ഭയന്ന് അയല്‍വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ആതിരയെ രാജന്‍ നെഞ്ചില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.