നെന്മാറ, വല്ലങ്ങി ദേശങ്ങൾക്ക് ആഘോഷ നാൾ, നെന്മാറ വേല ഇന്ന്

പാലക്കാട്: കേരളത്തിലെ ഏറ്റവും മനോഹരമായ ഉത്സവങ്ങളിൽ ഒന്നായ പാലക്കാട്ടെ നെന്മാറ – വല്ലങ്ങി വേല ഇന്ന്. മധ്യകേരളത്തിലെ പ്രധാന ഉത്സവമായ നെന്മാറ വേലയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഗജവീരന്മാർക്കും കുടമാറ്റത്തിനുമൊപ്പം കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് നെന്മാറ വേലയുടെ മാത്രം അഴകാണ്. വൈകീട്ടും പുലർച്ചെയും നെന്മാറ – വല്ലങ്ങി ദേശങ്ങൾ മത്സരിച്ച് നടത്തുന്ന വെടിക്കെട്ട് കാണാൻ പതിനായിരങ്ങളാണ് ഇന്ന് നെന്മാറയിലേക്ക് വണ്ടി കയറുക. ഇന്ന് വൈകീട്ട് 6:30നും മൂന്നാം തീയതി പുലർച്ചെ 3:00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകൾ നടക്കുക. എല്ലാ വർഷവും മലയാള മാസമായ മീനത്തിലെ 20-ാം ദിവസമാണ് വേല.

നെല്ലിയാമ്പതി മലനിരകളും നീണ്ടു നിവ‍‌‍ർന്ന് കിടക്കുന്ന നെൽ പാടങ്ങൾക്കുമിടയിലൂടെ ​ഗജവീരന്മാ‍ർ അണിനിരന്ന് നിൽക്കുന്നത് കാണാൻ താന്നെ പ്രത്യേക ഭം​ഗിയാണ്. നെല്ലിക്കുളങ്ങര ഭഗവതിയുടെ അധിപനായ ദേവിയുടെ ജന്മദിനമാണ് ഈ ഉത്സവം എന്നാണ് വിശ്വസം. പൂരത്തിനൊപ്പം വേലയുടെ പ്രധാന ആക‍ർഷണം ​ഗംഭീര വെടിക്കെട്ടാണ്. ഗാംഭീര്യത്തിനും ആഡംബരത്തിനും പേരുകേട്ട നെന്മാറ വേല രണ്ട് ദേശങ്ങൾ തമ്മിലുള്ള സൗഹൃദ മത്സരം കൂടിയാണ്. മീനം ഒന്നിന് ആരംഭിക്കുന്ന ഉത്സവത്തിലെ പ്രധാന ആക‍‍ർഷണം കുമ്മാട്ടി, കരിവേല തുടങ്ങിയ പരമ്പരാഗത നാടൻ കലകളുടെ വിവിധ രൂപങ്ങളാണ്.