നീലുവിന് ഇങ്ങനെ മാറാനാവുമോ? അമ്പരന്ന് ആരാധകർ

ഉപ്പും മുകളും എന്ന ജനപ്രിയ ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നീലുവിന്റെ പുതിയ ചിത്രങ്ങളാണ്.

പ്രകാശൻ പറക്കട്ടെയെന്ന സിനിമയുടെ പൂജ ചടങ്ങിനിടയിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അജു വർഗീസും ധ്യാൻ ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ദിലേഷ് പോത്തൻ, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ നിഷ സാരംഗ് അഭിനയിക്കുന്നുണ്ട്. പുതുപുത്തൻ മേക്കോവറുമായാണ് നിഷ സാരംഗ് ചിത്രത്തിലെത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെയർ സ്റ്റൈലും മോഡേണായുള്ള വസ്ത്രധാരണവും കിടുക്കിയെന്നാണ് ആരാധകരുടെ കമന്റുകൾ. നാളുകൾക്ക് ശേഷം നീലുവിനെ കാണാനായതിന്റെ സന്തോഷമാണ് പലരും പങ്കുവെച്ചത്.

അടുത്തിടെയായിരുന്നു ബിജു സോപാനവും നിഷ സാരംഗും കസ്‌കസ് എന്ന യൂട്യൂബ് ചാനലുമായെത്തിയത്. ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. രണ്ട് മക്കളും പേരക്കുട്ടികളുമുള്ള നിഷ വിവാഹമോചിതയാണ്.