യാത്രാവിലക്ക് പിന്‍വലിക്കില്ല; ട്രംപിന്റെ തീരുമാനത്തെ പിന്തള്ളി ബൈഡന്‍

യാത്രാവിലക്ക് പിന്‍വലിച്ച ട്രംപിന്റെ തീരുമാനം ബൈഡന്‍ തള്ളി. ജോ ബൈഡന്റെ വക്താവാണ് തീരുമാനം അറിയിച്ചത്. കോവിഡ് സമൂഹ വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിച്ച ട്രംപിന്റെ തീരുമാനത്തെ തള്ളി.ാണ് ജോ ബൈഡന്‍ രംഗത്തെത്തിയത് കോവിഡ് വീണ്ടും ശക്തിയാര്‍ജ്ജിക്കുന്ന ഈ സാഹചര്യത്തില്‍ യാത്രാവിലക്ക് പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ട്രംപിന്റെ തീരുമാനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നുമാണ് ബൈഡന്റെ വക്താവ് അറിയിച്ചത്.

തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ കടുത്ത തീരുമാനങ്ങളെല്ലാം തന്ത്രപരമായി പിന്‍വലിച്ചുകൊണ്ടാണ് പ്രസിഡന്റ് ട്രംപ് പടിയിറങ്ങാനൊരുങ്ങുന്നത്. അതിന്റെ ഭാഗമായി കൊറോണ വ്യാപനം രൂക്ഷമായിരിക്കേ ഏര്‍പ്പെടുത്തിയ യാത്രാവിലക്കുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് എടുത്ത് കളഞ്ഞത്. ബ്രിട്ടണ്‍, അയര്‍ലന്റ്, ബ്രസീല്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാവിലക്കുകളാണ് ട്രംപ് എകപക്ഷീയമായി നീക്കിയത്.

യാത്രാവിലക്കുകള്‍ ജനുവരി 26ന് അവസാനിക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞത്. മൂന്ന് ഘട്ടമായിട്ടാണ് ട്രംപ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ബ്രിട്ടനിലേക്കും അയര്‍ലന്റിലേക്കും തുടക്കത്തില്‍ വിലക്ക് തീരുമാനിച്ചിരുന്നു. പിന്നീടാണ് കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്പിലേക്കും മെയ് മാസത്തില്‍ ബ്രസീലിലേക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.

അതേസമയം ട്രംപിന്റെ തീരുമാനം നടപ്പിലാക്കാന്‍ സാധ്യമല്ലെന്ന് ബൈഡന്റെ വക്താവ് ചുമതല വഹിക്കുന്ന ജെന്‍ സാകി അറിയിച്ചു. ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിരുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് പരമാവധി പ്രതിസന്ധി സൃഷ്ടിക്കുക എന്നതാണ് ട്രംപിന്റെ ഉദ്ദേശമെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതു മുതല്‍ പ്രതിരോധരംഗത്തും ട്രംപ് നടത്തിക്കൊണ്ടിരുന്ന പല നയങ്ങളും പിന്‍വലിക്കുകയോ കടുപ്പിക്കുകയോ ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഇംപീച്ച്‌മെന്റിന്റെ വക്കിലെത്തി നില്‍ക്കേയാണ് യാത്രാവിലക്കുകള്‍ നീക്കിയത്.