ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു

ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്ന് ഡൽഹിയിലെത്തിയ ഒരാൾക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ വ്യക്തമാക്കി.

മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായവരുടെയും, സമ്പർക്ക പട്ടികയിൽ ഉള്ളവരുടെയും ജനിതക ശ്രേണീകരണം ഫലം ഉടൻ ലഭിക്കും. അതിനിടെയാണ് ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഇന്നലെ വൈകീട്ടോടെയാണ് രാജ്യത്തെ നാലാമത്തെ ഒമിക്രോൺ കേസ് മുംബൈയിൽ സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്ക്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്‌വേയിൽ നിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനും കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്‌തെറ്റിസ്റ്റായ ഡോക്ടർക്കും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.