ഓണം ബംപര്‍ ഭാ​ഗ്യശാലി ആര്; 12 കോടി ലഭിച്ച ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലെന്ന് ലോട്ടറി ഏജന്റ്

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന്‍റെ തിരുവോണം ബമ്ബര്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ TE 645465 എന്ന ടിക്കറ്റിന്.ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റത് തൃപ്പൂണിത്തുറയിലെന്ന് ലോട്ടറി ഏജന്റ് മുരുകേഷ് തേവര്‍.തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയത്. രണ്ടാം സമ്മാനം – TA-945778, TB- 265947, TC- 537460, TD- 642007 എന്നീ ടിക്കറ്റുകള്‍ക്കാണ്.

സമ്മാനാര്‍ഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനില്‍ വച്ച്‌ 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്.

ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകള്‍ അച്ചടിച്ചു എന്നതാണ് ഈ വര്‍ഷത്തെ ഓണം ബമ്ബറിന്റെ പ്രത്യേകത. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന‍ത്തുകയാണ് ഓണം ബമ്ബറിനായി 2019 മുതല്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്.

ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് നികുതി ഒഴിവാക്കിയാല്‍ 7.39 കോടി രൂപ കയ്യില്‍ കിട്ടു. കഴിഞ്ഞ ഓണത്തിന് 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റതെങ്കില്‍ ഇക്കുറി അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റു. ഇതുവഴി സര്‍ക്കാരിന് 126 കോടി വരുമാനമുണ്ടായി.