‘ചുരുളി’ സിനിമക്കെതിരെ യഥാർത്ഥ ചുരുളിക്കാർ: ‘ഇവിടെ കുറ്റവാളികളോ, മദ്യശാലയോ ഇല്ല, സിനിമയ്‌ക്കെതിരെ മന്ത്രിയ്‌ക്ക് പരാതി നൽകും’

‘ചുരുളി’ സിനിമക്കെതിരെ പ്രതികരണവുമായി യഥാർത്ഥ ചുരുളിക്കാർ. ഇടുക്കി ജില്ലയിലെ ചെറുതോണിയ്‌ക്കടുത്താണ് ചുരുളി എന്ന ഗ്രാമം. ചുരുളി സിനിമ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ‘യഥാർത്ഥ ചുരുളിയിലെ സാധാരണക്കാർ’. സിനിമ മൂലം പ്രദേശവാസികൾക്ക് ഒന്നടങ്കം മാനക്കേട് ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ അസഭ്യ വാക്കുകൾക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം കൊടുക്കുമെന്ന് യഥാർത്ഥ ചുരുളിക്കാർ പറഞ്ഞു. സിനിമയിൽ ചിത്രീകരിച്ചത് പോലെയല്ല ചുരുളിക്കാരുടെ ജീവിതം. മലയോര കർഷകരെ മുഴുവൻ അപമാനിക്കുന്നതാണ് സിനിമ. സിനിമയിൽ മദ്യശാല കാണിക്കുന്നുണ്ട്. എന്നാൽ ഒരു മദ്യശാലയോ വാറ്റ് കേന്ദ്രമോ പോലുമില്ലാത്ത ഗ്രാമമാണ് ചുരുളി. ദുരൂഹത നിറഞ്ഞ കുറ്റവാളികൾ ഒന്നും തന്നെ ചുരുളിയിലില്ല. ജനസംഖ്യയുടെ കാര്യത്തിൽ ഏറെ മുന്നിലാണെന്നും പ്രദേശവാസികൾ പറഞ്ഞു.

ചരിത്ര പ്രധാനമായ കുടിയേറ്റ കർഷകരുടെ ഭൂമിയാണ് യഥാർത്ഥ ചുരുളി. 1960 – കളിൽ കുടിയേറിയ കർഷകരെ ഒഴിപ്പിക്കാൻ അന്നത്തെ സർക്കാർ ശ്രമിച്ചിരുന്നു. കർഷകരെ ഒഴിപ്പിക്കാൻ അന്ന് പോലീസ് നടപടി ഉണ്ടായി. അന്ന് കർഷകർ ഒറ്റ കെട്ടായി നടത്തിയ നിരാഹാര സമരത്തിന് മുന്നിൽ സർക്കാർ തോറ്റുപോയി. ആരും കുടിയിറക്കപ്പെട്ടില്ല. അങ്ങനെയാണ് ചുരുളി എന്ന ഗ്രാമം ഉണ്ടാകുന്നത്.