യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും കഴിയുന്നതെല്ലാം ചെയ്യും, വൊളോദിമിർ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ഹിരോഷിമ: യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘യുക്രൈന്‍ യുദ്ധം ലോകത്തിലെ ഒരു വലിയ പ്രശ്നമാണ്. ഇത് സമ്പദ്വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്നമായി ഞാന്‍ കരുതുന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം ഇത് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും കഴിയുന്നതെല്ലാം ചെയ്യുമെന്ന് വൊളോദിമിര്‍ സെലെന്‍സ്‌കിയ്ക്ക് നരേന്ദ്ര മോദി ഉറപ്പു നൽകി.

റഷ്യയുടെ അധിനിവേശം നിയമവിരുദ്ധവും നീതീകരിക്കാനാവത്തതുമാണ്. പ്രകോപനമില്ലാതെയാണ് റഷ്യ യുക്രൈന്റെ പരമാധികാരത്തിനുമേല്‍ കടന്നുകയറിയതെന്നും ജി-7 രാഷ്ട്രനേതാക്കള്‍ സംയുക്തപ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു. ജി-7 ഉച്ചകോടിക്കിടെയാണ് യുക്രൈന്‍ പ്രസിഡന്റുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്.

ഹിരോഷിമയില്‍ പ്രധാനമന്ത്രി മോദി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, കാനഡ, ജപ്പാന്‍ എന്നിവയാണ് ജി-7 അംഗരാജ്യങ്ങള്‍. നിലവില്‍ അധ്യക്ഷപദം കൈയാളുന്ന ജപ്പാന്‍ ഇന്ത്യയെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.