കോഴ ആരോപണ൦; കെ സുരേന്ദ്രനെതിരെ കേസെടുത്തു

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. കല്‍പറ്റ കോടതി നിര്‍ദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സി കെ ജാനുവിന് ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

തെരഞ്ഞെടുപ്പില്‍ കൈക്കൂലി നല്‍കല്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. ഐപിസി 171 ഇ, 171 എഫ് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയിലാണ് നടപടി.

സി കെ ജാനുവിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സുരേന്ദ്രന്‍ പണം നല്‍കിയെന്ന് ജെആര്‍പി നേതാവ് പ്രസീത മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കെ സുകരേന്ദ്രനും സി കെ ജാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പ്രസീത പുറത്തുവിട്ടിരുന്നു.