പങ്കാളികളെ കൈമാറുന്ന കേസില്‍ പോലീസ് കണ്ടെത്തിയത് 14 ഗ്രൂപ്പുകള്‍, ഞെട്ടലായി പരാതിക്കാരിയുടെ കൊലപാതകം

കോട്ടയം. കേരളത്തില്‍ വലിയ ചര്‍ച്ചയായ കേസായിരുന്നു പങ്കാളികളെ കൈമാറ്റം ചെയ്യല്‍ കേസ്. കഴിഞ്ഞ ജനുവരിയിലാണ് കറുകച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് പരാതിയുമായി എത്തിയ യുവതിയാണ് വെള്ളിയാഴ്ച കൊലചെയ്യപ്പെട്ടത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് വലിയസംഘം പങ്കാളി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായിട്ടാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ പരാതികള്‍ ഒന്നും ലഭിക്കാത്തതിനാല്‍ അന്വേഷണം പ്രതിസന്ധിയിലായി. അന്ന് പത്തനാട് താമസിച്ചിരുന്ന യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് പങ്കാളി കൈമാറ്റങ്ങളാണെന്ന് വിവരത്തില്‍ എത്തിച്ചത്.

കപ്പിള്‍ മീറ്റ് കേരള എന്ന സോഷ്യല്‍മീഡിയ ഗ്രൂപ്പ് വഴിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇത്തരത്തില്‍ 14 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായിട്ടാണ് വിവരം. ഭര്‍ത്താവില്‍ നിന്നുള്ള പീഡനം യുവതി യൂട്യൂബ് വ്‌ലോഗില്‍ പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വിവരങ്ങള്‍ അന്വേഷിച്ചതോടെയാണ് കാര്യം വ്യക്തമായത്. തുടര്‍ന്ന് കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കി. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന ഭര്‍ത്താവ് തിരിച്ചെത്തിയ ശേഷമാണ് ഉപദ്രവങ്ങള്‍ തുടങ്ങിയത്.