കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ പോലീസ് കണ്ടെത്തി

പത്തനംതിട്ട. മലയാലപ്പുഴയില്‍ നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ എറണാകുളത്ത് നിന്നും കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അജേഷിനെ വീട്ടില്‍ നിന്നും ഒരു സംഘം തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോയതിന് ശേഷം അജേഷിനെ കാലടി സ്‌റ്റേഷന് സമീപത്തു നിന്നും കണ്ടെത്തി. അതേസമയം തട്ടിക്കൊണ്ട് പോയത് എന്തിനാണെന്ന് വ്യക്തമല്ല.

വീട്ടിലെത്തിയ സംഘം ഫോണിലെ വിഡിയോയുടെ കാര്യം പറഞ്ഞതായി അജേഷിന്റെ അമ്മ പോലീസിനോട് പറഞ്ഞു. ഇന്നോവ കാറിലാണ് സംഘം വീട്ടിലെത്തിയത്. അജേഷിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ ഒരാള്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്നും അജേഷിനെ വിളിച്ചിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പാല വഴി തൃശൂര്‍ ഭാഗത്തേക്ക് വാഹനം പോയതായി പോലീസ് കണ്ടെത്തി. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായിട്ടാണ് വിവരം.