ഭർത്താവ് മരിച്ചിട്ട് ഒരു മാസം, ഇപ്പോൾ മകനും, നെഞ്ച് പൊട്ടുന്ന വേദനയോടെ ഒരു കുടുംബം

മഞ്ഞപ്ര ജ്യോതിസ് സ്കൂളിൽ നിന്ന് മാങ്കുളത്തേക്ക് വിനോദയാത്ര പോയതിനിടെ മുങ്ങിമരിച്ച അർജുന്റെ മരണം കുടുംബത്തിനും നാട്ടുകാർക്കും തീരാവേദനയായി. അർജുൻ ഷിബുവിന്റെ പിതാവ് ഷിബു ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടർന്നു ഇക്കഴിഞ്ഞ ജനുവരി 29നാണ് മരിച്ചത്.
പിതാവിന്റെ അകാലമരണത്തിന്റെ നീറുന്ന ഹൃദയവുമായി പരീക്ഷ എഴുതിയ അർജുൻ പരീക്ഷ കഴിഞ്ഞയുടൻ പിതാവിന്റെ അടുത്തേക്കു യാത്രയായത് നെഞ്ചു പൊട്ടുന്ന വേദനയോടെയാണ് പ്രിയപ്പെട്ടവർ ഉൾക്കൊള്ളുന്നത്. ഇടുക്കി സ്വദേശികളാണ് ഷിബുവും കുടുംബവും.

ശ്രീമൂലനഗരത്തെ അരിമില്ലിൽ തൊഴിലാളിയായി എത്തിയ ഇടുക്കി മടുക്കങ്കൽ ഷിബു 15 വർഷം മുൻപാണ് തന്റെ കുടുംബത്തെ ജോലിസ്ഥലത്തിന് അടുത്തേക്കു കൊണ്ടുവന്നത്.ഷിബു അരിമില്ലിലെ ജോലിയിൽ നിന്നുള്ള വരുമാനം കൂട്ടിവച്ചു 2 വർഷം മുൻപ് മാണിക്യമംഗലത്ത് 5 സെന്റ് സ്ഥലവും വീടും വാങ്ങി താമസമാക്കി. കഴിഞ്ഞ ജനുവരി 21ന് അരിമില്ലിലെ ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റുന്നതിനിടെ ഷിബു താഴെ വീണു. ചികിത്സയിൽ കഴിയുന്നതിനിടെ 29നു മരിച്ചു.

ഷിബുവിന്റെ ഭാര്യ ജിഷ കുടുംബം പുലർത്താൻ കാലടിയിലെ പലചരക്കു കടയിൽ ജോലിക്കു പോകുന്നു. ഭർത്താവിന്റെ മരണത്തിന്റെ വേദന അടങ്ങുന്നതിനു മുൻപേ മകനും പോയി. കൂടെയുള്ളതു യുകെജി വിദ്യാർഥിനിയായ മകൾ അപർണ മാത്രം.

അർജുന് പുറമെ ജോയൽ ജോപി, റിച്ചാർഡ് ബ്രെസി എന്നീ വിദ്യാർഥികളും മുങ്ങി മരിച്ചിരുന്നു. മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥികൾ പുഴയിൽ കുളിക്കാനും മറ്റുമായി വല്യപാറക്കുട്ടിയിൽ എത്തുകയായിരുന്നു. തുടർന്ന് നല്ലതണ്ണി പുഴയിൽ ഇറങ്ങിയപ്പോഴാണ് മൂന്ന് വിദ്യാർഥികൾ മുങ്ങിപ്പോയത്. ഉടൻ തന്നെ മൂന്നുപേരെയും കരയിലെത്തിച്ച് അടിമാലി താലൂക്കാശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.