മുഖ്യനെതിരായ പ്രതിഷേധവും ഗുഡാലോചനയും സുധാകരനെയും സതീശനെയും ഉള്‍പ്പെടുത്താൻ ആലോചന.

 

തിരുവനന്തപുരം/വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെ തിരെ പ്രതിഷേധിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഉള്‍പ്പെടുത്താൻ പൊലീസിന്റെ നീക്കമെന്ന് റിപ്പോർട്ട്.

യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥനെ കൂടാതെ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച മറ്റു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്യുമെന്നാണ് ഒടുവിൽ പുറത്ത്അ വന്നിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ടതിന് കോടതി നിർദേശപ്രകാരം കേസെടുത്തെങ്കിലും ഇ.പി.ജയരാജനെ ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.

ഇടത് സംഘടനാ നേതാവായിരുന്ന ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നത് അട്ടിമറിക്കാണെന്നും മുഖ്യമന്ത്രി അന്വേഷണത്തില്‍ ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ ഗൂഡാലോചനയില്‍ കെ.സുധാകരനും വി.ഡി.സതീശനും പങ്കെന്നാണ് ഡിവൈഎഫ്ഐ ഉയർത്തുന്ന പരാതി. ഡിജിപിക്ക് കിട്ടിയ പരാതി ആദ്യം പൊലീസ് ആസ്ഥാനത്തെ സ്പെഷല്‍ സെല്ലിനും പിന്നാലെ തിരുവനന്തപുരം കമ്മിഷണര്‍ക്കും കൈമാറിയിരിക്കുകയാണ്. നിലവിലെ വിമാന പ്രതിഷേധ കേസുകള്‍ അന്വേഷിക്കുന്ന വലിയതുറ പൊലീസിന് കമ്മിഷണര്‍ ഈ പരാതികൾ തുടർ നടപടികൾക്കായി കൈമാറാനിരിക്കുകയാണ്.

ശബരീനാഥനെതിരെ റജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിന്റെ തുടർച്ചയെന്നോണം കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും പങ്ക് അന്വേഷിക്കാനാണ് പൊലീസ് നീക്കം. എന്നാൽ ഇരുവര്‍ക്കുമെതിരെ ഇതിനായി പ്രത്യേക കേസ് എടുക്കാൻ ഇടയില്ല. യൂത്ത് കോണ്‍ഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച മറ്റു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും നോട്ടിസ് നല്‍കി വിളിപ്പിച്ച് ചോദ്യം ചെയ്യുന്നുണ്ട്.

ഗൂഡാലോചന കേസെടുക്കലും അന്വേഷണവും ഒക്കെ ഏകപക്ഷീയമായ പൊലീസ് നടപടി ആണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്തെങ്കിലും അതിന്റെ അന്വേഷണം മുന്നോട്ടുണ്ടാവില്ല. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെയെടുത്ത കേസിനു ബദലായി ലഭിച്ച പരാതിയായതിനാല്‍, പരാതിക്കാരുടെ മൊഴി വിശദമായെടുത്ത ശേഷമേ തുടർ നടപടി സ്വീകരിക്കുകയുള്ളൂ. അതിനാല്‍ ഇ.പി.ജയരാജനെയും മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളേയും ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഒരാഴ്ചക്ക് ശേഷമേ വ്യക്തത ഉണ്ടാവൂ.