അമിത ലഗേജിന് ഇനി ആറിരട്ടി പിഴ; റെയില്‍വേയുടെ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: അമിത ലഗേജുമായെത്തുന്ന യാത്രക്കാരിൽ നിന്ന് അധികനിരക്കും പിഴയും ഈടാക്കാനൊരുങ്ങി റെയില്‍വേ. നിയമപ്രകാരം ഓരോ യാത്രികനും ട്രെയിനില്‍ കൊണ്ടുപോകാവുന്ന ലഗേജിന് നിശ്ചിത അളവുണ്ട്. എന്നാല്‍ പല യാത്രക്കാരും ഇത് പാലിക്കാറില്ല. ഇത് ഇവരുടെ സഹയാത്രികര്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയും പരാതി ഉയരാന്‍ കാരണമാകാറുമുണ്ട്. ഈ സാഹചര്യത്തിലാണ് അമിത ലഗേജുമായി യാത്ര ചെയ്യുന്നവര്‍ക്ക് അധികനിരക്കും പിഴയും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌. അധിക ലഗേജുമായി സഞ്ചരിക്കുന്നവർക്ക് നിലവിലെ ഫീസിന്റെ ആറിരട്ടിയായിരിക്കും പിഴ.

നിലവിലെ വ്യവസ്ഥ പ്രകാരം സ്‌ലീപ്പർ ക്ലാസിൽ 40 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 35 കിലോഗ്രാമും വരെ ലഗേജ് സൗജന്യമായി കൊണ്ടു പോകാം. പാഴ്സൽ ഓഫിസിൽ അധികപണം അടച്ചാൽ സ്‌ലീപ്പർ ക്ലാസിൽ 80 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 70 കിലോഗ്രാമും ലഗേജ് കൊണ്ടുപോകാൻ സാധിക്കും. അധികം വരുന്ന ലഗേജ് ട്രെയിനില്‍ ഇതിനായി അനുവദിച്ചിട്ടുള്ള പ്രത്യേക കംപാർട്മെന്റിലായിരിക്കും സൂക്ഷിക്കുക.

‘ഈ നിയമം ഇപ്പോഴും നിലവിലുണ്ട്. അതു ശക്തമാക്കുന്നുവെന്നു മാത്രം. ലഗേജ് വാനിലേക്ക് ബുക്ക് ചെയ്ത് അനുവദിച്ച ഭാരം വരെയുള്ള ലഗേജ് കൊണ്ടുപോകാം. തത്തുല്യമായ തുക അടയ്ക്കണമെന്നു മാത്രം’ റെയിൽവേ ബോർഡ് വക്താവ് വേദ് പ്രകാശ് പറഞ്ഞു. വിമാനയാത്രയ്ക്കു മുന്നോടിയായി ലഗേജ് പരിശോധിക്കുമെങ്കിലും ട്രെയിൻ യാത്രയിൽ ഇത് അപ്രായോഗികമാണ്. ഈ സാഹചര്യത്തിൽ ഇടയ്ക്കിടെ ലഗേജ് പരിശോധനയും ഇനിയുണ്ടാകും.