ജാതീയ അധിക്ഷേപം, കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

തൃശൂര്‍: നര്‍ത്തകി സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍. ജാതീയ അധിക്ഷേപം നടത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയത്. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. അഭിമുഖം നല്‍കിയത് വഞ്ചിയൂരില്‍ ആയതിനാല്‍ പരാതി വഞ്ചിയൂര്‍ പൊലീസിന് കൈമാറുമെന്ന് ചാലക്കുടി പൊലീസ് പറഞ്ഞു.

വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി. പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം.

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു.

പരാമർശം വിവാദമായെങ്കിലും തൻ്റെ വാദങ്ങളെ ന്യായീകരിച്ച് കൊണ്ട് സത്യഭാമ രംഗത്തെത്തിയതോടെ വലിയ പിന്തുണയാണ് രാമകൃഷ്ണന് ലഭിക്കുന്നത്. കേവലം നിറത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഇത്തരം വിവേചനങ്ങളെന്നും ജാതിയാണ് ഇത്തരം പരാമർശങ്ങൾക്ക് കാരണമെന്നും കലാസാംസ്കാരി രം​ഗത്തുള്ളവർ പറയുന്നു.