ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ലൈവായി മോഷണം; റിപ്പോര്‍ട്ടറുടെ ഫോണ്‍ തട്ടിപ്പറിച്ച് കള്ളന്‍

വാര്‍ത്താ ചാനലിന് വേണ്ടി തത്സമയം വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന റിപ്പോര്‍ട്ടറുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കള്ളന്‍. ലൈവായി മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അര്‍ജന്റീനയിലാണ് രസകരമായ മോഷണം നടന്നത്. ലൈവ് റിപ്പോര്‍ട്ടിങിനിടെ തങ്ങളുടെ റിപ്പോര്‍ട്ടറുടെ ഫോണ്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അര്‍ജന്റീനയിലെ പ്രമുഖ ടെലിവിഷന്‍ ചാനലായ എന്‍ വിവോ എല്‍ നുവെ ചാനല്‍ തന്നെയാണ് പുറത്തുവിട്ടത്.

ചാനല്‍ റിപ്പോര്‍ട്ടര്‍ ഡിമാര്‍സോയ്ക്കാണ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ കള്ളന്റെ അതിക്രമം നേരിടേണ്ടി വന്നത്. ന്യൂസ് റൂമില്‍ നിന്ന്ുള്ള അവതാരകരുടെ ചോദ്യത്തിന് മറുപടി പറയാനൊരുങ്ങവെ പെട്ടന്ന് വളരെ വേഗത്തില്‍ ഓടിയെത്തിയ ഒരാള്‍ ഡിമാര്‍സോയുടെ ഫോണ്‍ തട്ടിപ്പറിച്ച് ഓടിപ്പോവുകയായിരുന്നു. ഫോണ്‍ തിരിച്ചുതരാന്‍ വിളിച്ചുപറഞ്ഞുകൊണ്ട് ഡിമാര്‍സോ പുറകേ ഓടിയെങ്കിലും കള്ളന്‍ അതിവേഗത്തില്‍ മറഞ്ഞുകളയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാള്‍ പ്രധാന വഴിയില്‍ നിന്ന് മറ്റൊരു ഇടവഴിയിലേക്ക് കയറിയാണ് രക്ഷപ്പെടുന്നത്.

പക്ഷേ അതിസാഹസികമായി മോഷണം നടത്തിയ കള്ളന്‍ ഒടുവില്‍ പിടിയിലാവുകതന്നെ ചെയ്തു. സംഭവം കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ ഇടപെട്ടതോടെയാണ് കള്ളന്‍ പിടിയിലായത്. കുട്ടികളടക്കമുള്ളവര്‍ കള്ളനെ അന്വേഷിച്ച് പിന്നാലെ പോവുകയും ഒടുവില്‍ പിടികൂടുകയും ചെയ്തു. ഫോണ്‍ തിരികെ വാങ്ങി ഡിമാര്‍സോയ്ക്ക് നല്‍കുകയും ചെയ്തു. നാട്ടുകാരുടെ നല്ലമനസ്സിനും തന്നോടു കാണിച്ച സഹകരണത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഡിമാര്‍സോ സ്ഥലത്തുനിന്ന് തിരികെ വന്നത്.