54 കാരന്റെ വിവാഹാഭ്യര്‍ഥന 25കാരി നിരസിച്ചു: യുവതിയെ കൊലപ്പെടുത്തി പ്രതി ജീവനൊടുക്കി

സേലം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തി പ്രതി തൂങ്ങി മരിച്ചു. സേലം സോണോ കോളേജ് ബസ് സ്റ്റോപ്പിന് സമീപം ഇന്നലെയായിരുന്നു സംഭവം. ഇവിടെ ഐസ്‌ക്രീം കടയിലെ ജീവനക്കാരിയും ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയായ ഷെറിന്‍ ചിത്രഭാനു(25) ആണ് കൊല്ലപ്പെട്ടത്. ഷെറിനെ കുത്തിയ ഇനാമുള്ള(54)യെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

ഷെറിന്റെയും കുടുംബത്തിന്റെയും അയല്‍വാസിയായിരുന്നു ഇനാമുള്ള. ഷെറിന്‍ വിവാഹം വേര്‍പിരിഞ്ഞ് മക്കളോടൊപ്പം സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇനാമുള്ളയും വിവാഹബന്ധം വേര്‍പെടുത്തിയയാളാണ്. ആറ് മാസമായി ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാല്‍ ഷെറിന്‍ വിവാഹത്തിന് സമ്മതിക്കാത്തതാണ് ഇനാമുള്ളയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

പലവട്ടം ഇയാള്‍ ഷെറിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഷെറിന്‍ ജോലി ചെയ്യുന്ന കടയിലെത്തിയ ഇയാള്‍ കത്തി ഉപയോഗിച്ച് ഷെറിന്റെ കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആളുകള്‍ ഇവിടേക്ക് ഓടിയെത്തിയെങ്കിലും ഇയാള്‍ ഉടനെ തന്നെ കടയുടെ ഷട്ടറിടുകയായിരുന്നു. പൊലീസ് എത്തി വെല്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് മുറിച്ചതിന് ശേഷമാണ് കടക്കുള്ളില്‍ കയറാനായത്. കടക്കുള്ളില്‍ തന്നെ ഇനാമുള്ളയും തൂങ്ങി മരിക്കുകയായിരുന്നു.