സ്‌കൂള്‍ വിദ്യാര്‍ഥികളെ നാട്ടുകാര്‍ തല്ലിയ സംഭവം; ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കും

തിരുവനന്തപുരം. വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കല്‍ പാറ കാണാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ നാട്ടുകാര്‍ കമ്പ് കൊണ്ട് അടിക്കുകയും വിദ്യാര്‍ഥിനികളെ തടഞ്ഞുവെയ്ക്കുകയും ചെയ്ത സംഭവത്തില്‍ പോലീസിന് കേസെടുക്കുന്നതില്‍ വിഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുവാന്‍ എസ്പിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവിയെ ചുമതലപ്പെടുത്തിയതായി എസ്പി ഡി ശില്‍പ പറഞ്ഞു.

ഈ മാസം നാലാം തിയതിയാണ് കേസിലേക്ക് നയിക്കുന്ന സംഭവം ഉണ്ടാകുന്നത്. കേസില്‍ വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ച ശ്രീനാരായണപുരം സ്വദേശി എം മനീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ പിന്നീട് പോലീസ് ജാമ്യത്തില്‍ വിട്ടു. പ്രതി വിദ്യാര്‍ഥിനികള്‍ക്ക് നേരെ അസഭ്യവും അശ്ശീല പദപ്രയോഗം നടത്തിയതിനും തടഞ്ഞ് വെച്ചതിനുമാണ് കേസെടുത്തത്. എന്നാല്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ക്കമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ ഒരാള്‍ മാത്രമാണ് പ്രതി കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷച്ച് വരുകയാണ്.

പോത്തന്‍കോടിന് സമീപത്തെ സ്‌കൂളില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥികളാണ് വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിയത്. നാല് പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും ഒരു മിച്ച് കണ്ട നാട്ടുകാരില്‍ ചിലര്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു.