ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു, ജീവിതം പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. നായകനായും വില്ലനായുമൊക്കെ മികച്ച തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പിലും ശ്രദ്ധേയ വേഷത്തില്‍ ഷൈന്‍ എത്തിയിട്ടുണ്ട്. കരിയറില്‍ തിളങ്ങിയെങ്കിലും ജീവിതത്തില്‍ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ ഷൈന്‍ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. കേസും പ്രശ്‌നങ്ങളും അഭിനയ ജീവിതത്തെ ബാധിച്ചില്ല. ഇപ്പോഴിത തന്റെ ജയില്‍ വാസത്തെ കുറിച്ചും അത് ജീവിതത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ചും മനസ് തുറക്കുകയാണ് ഷൈന്‍. ഒരു മാധ്യമ പരിപാടിയില്‍ സംസാരിക്കവെയാണ് ഷൈന്‍ മനസ് തുറന്നത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ, എന്നെ ഒരിക്കലും മലയാളം സിനിമ മാറ്റി നിര്‍ത്തിയിട്ടില്ല. സബ് ജയിലില്‍ ആയിരുന്ന സമയത്ത് മാത്രമാണ് ഞാന്‍ മാറി നില്‍ക്കേണ്ടി വന്നത്. ആ സമയം കൊണ്ട് ഒരു പുസ്തകം ആദ്യമായി വായിക്കാന്‍ സാധിച്ചു. പൗലോ കൊയ്ലോയുടെ ദിസ് ഈസ് മൗണ്ടൈന്‍ എന്ന പുസ്തകമാണ് വായിച്ചത്..ചെറുപ്പത്തിലാണ് താന്‍ എന്തെങ്കിലും പുസ്തകം വായിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ ബാലമംഗളം, പൂമ്ബാറ്റ തുടങ്ങിയ പുസ്തകങ്ങളാണ് വായിക്കാറുള്ളത്. അതും അനിയത്തി വായിക്കാറുള്ളത് കേള്‍ക്കുകയാണ് ചെയ്യുന്നത്. ഒരു തരത്തിലും വായന തന്നെ ആകര്‍ഷിച്ചിട്ടില്ല. എന്നാല്‍ ആ പുസ്തകം എനിക്ക് ഓരോ ദിവസവും പ്രതീക്ഷകള്‍ നല്‍കുകയായിരുന്നു.

തൊട്ട് അടുത്ത ദിവസം ജയിലില്‍ നിന്ന് ഇറങ്ങാമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി കുറച്ച് സമയം പിടിക്കുമെന്ന്. അവിടെ ഉള്ളവരൊക്കെ പറയുന്നുണ്ട് കുറച്ച് കാലം ഇതിനകത്ത് കിടക്കേണ്ടി വരും എന്ന്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പ്രതീക്ഷയൊക്കെ ഇല്ലാതായി,ജാമ്യം ഇല്ലാതായി, പുറത്തേക്ക് ഇറങ്ങാമെന്ന പ്രതീക്ഷ ഇല്ലാതായി. ആ സമയം സെല്ലിലേക്ക് വന്ന പുസ്തകമാണ് ഫിഫ്ത് മൗണ്ടൈന്‍. അത് വായിച്ച് തുടങ്ങി. രാത്രി ലൈറ്റ് ഇട്ടു വായിക്കാന്‍ അവര്‍ സമ്മതിക്കില്ല. ഓരോ ദിവസവും പകല്‍ ആകാന്‍ എനിക്ക് ഒരു കാരണമുണ്ട്. അടുത്ത പേജ് വായിക്കണം. അത് ഒരു പ്രതീക്ഷയാണ്. ജീവിതത്തില്‍ ചെറിയ പ്രതീക്ഷകള്‍ ഉണ്ടാവുകയാണ്. അവസാനം എനിക്ക് മനസ്സിലായി ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരു പുസ്തകത്തിന് എത്ര പ്രാധാന്യം നേടാം എന്ന്.

ജയിലിനെ പുറത്തേക്ക് വന്നാല്‍ കരിയറിനെ ബാധിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. കുറിപ്പിലെ പൊന്നപ്പന്‍ എന്ന കഥാപാത്രം ചെയ്ത വിജയകുമാര്‍ എന്നെ ഒരിക്കല്‍ ജയിലില്‍ കാണാന്‍ വന്നിരുന്നു. കമ്മട്ടിപാടം എന്ന പടം തുടങ്ങാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി വിളിക്കുമോ നമ്മളെയൊക്കെ അഭിനയിക്കാന്‍ എന്നാണ് ഞാന്‍ ചോദിച്ചത്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ആ അതൊക്കെ വിളിക്കുമെടാ എന്നായിരുന്നു.

അതുപോലെ ചില സുഹൃത്തുക്കളും ജയിലില്‍ കാണാന്‍ വന്നിരുന്നു. അവരും പറഞ്ഞു പുറത്ത് വന്നാല്‍ കഥാപാത്രങ്ങള്‍ കിട്ടുമെന്ന് . എന്നാല്‍ ലീഡ് കഥാപാത്രങ്ങള്‍ കിട്ടില്ലായിരിക്കും. എന്നാല്‍ അതു മാത്രമല്ലല്ലോ നെഗറ്റീവ് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ. അതിനായി എന്നെ വിളിക്കും. അങ്ങനെ ആശ്വസിച്ചു. ഇഷ്‌ക് എന്ന ചിത്രത്തിലേയ്ക്ക് തന്നെ വിളിച്ചപ്പോള്‍ സംവിധായകന്‍ അനുരാജ് മനോഹറിനോട് താന്‍ ചോദിച്ചിരുന്നു, എന്റെ ഇമേജ് അല്ലേ നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എന്ന് അന്നെനിക്ക് യാതൊരു ഐഡിയ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാത്തിലും തനിക്ക് വ്യക്തമായ ധാരണ ഉണ്ട്.