എന്നെ മഠത്തില്‍ നിന്ന് പിടിച്ചിറക്കാമെന്ന് ആരും സ്വപ്നം കാണണ്ട’: സിസ്റ്റര്‍ ലൂസി കളപ്പുര

Sr Luicy Kalappurackal

രണ്ടാമത്തെ അപ്പീലും തള്ളിയതോടെ പ്രസ്താവനയുമായി സിസ്റ്റര്‍ ലൂസി കളപ്പുര രംഗത്തെത്തി. മഠം വിട്ട് പോകില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. തന്നെ പിടിച്ചിറക്കാം എന്നാരും സ്വപ്നം കാണണ്ടെന്നും സത്യത്തിന് വേണ്ടി നിലകൊള്ളുമ്പോ മരിക്കാനും തയ്യാറാണെന്നും സിസ്റ്റര്‍ പറഞ്ഞു. ബിഷപ്പുമാരുടെ തെറ്റുകള്‍ സമ്മതിച്ചു കൊടുക്കാന്‍ ഇനി ആകില്ല. വത്തിക്കാന്‍ ഒരു സ്ത്രീ എന്ന പരിഗണന പോലും തനിക്ക് നല്‍കിയില്ല. സത്യം പറഞ്ഞതിനാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. സഭ തനിക്ക് നീതി നല്‍കിയില്ല. തന്റെ ഭാഗം കേള്‍ക്കാന്‍ പോലും കാനോന്‍ നിയമം തയ്യാറായില്ല. നീതി ഉറപ്പാക്കാന്‍ കഴിയാത്ത ആ നിയമത്തെ പുച്ഛിച്ചു തള്ളുന്നു. ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കും. അതിനാല്‍ നിയമ പോരാട്ടം തുടരും.’ നിസ്സഹായരായ കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് പുറത്താക്കലെങ്കില്‍ ഇനിയും സത്യം വിളിച്ചു പറയുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര .

‘അധികാരവും പണവും സഭയ്ക്ക് ഒപ്പമാണ്. എനിക്ക് എത്രമാത്രം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് അറിയില്ല. എന്നെ അവര്‍ ഭയക്കുന്നുണ്ട്. അതിനാലാണ് പുറത്താക്കുന്നത്. എഫ്സിസി സന്യാസിനി സമൂഹം മേലധ്യക്ഷന്മാരുടെ സംരക്ഷകരാണ്,’ എന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. എന്നെ ഇറക്കി വിടാനോ, പിടിച്ചു പുറത്താക്കാനോ, അങ്ങനെ ഒരു സ്വപ്നവും നിങ്ങള്‍ കാണണ്ട. ആ സ്വപ്നം നിങ്ങള്‍ വിട്ടുകളയുക. സത്യത്തിന് വേണ്ടിയാണ് ഞാന്‍ നില കൊള്ളുന്നത്. അതിനായി മരിക്കാനും ഞാന്‍ തയ്യാറാണ്. തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണിക്കും. എഫ്സിസിയുടെയോ മറ്റ് സന്യാസസഭകളുടെയോ പുരോഹിതരുടെയോ ബിഷപ്പുമാരുടെയോ തെറ്റുകള്‍ക്ക്, വളം വച്ച് കൊടുക്കാന്‍ ഇനി ഞാന്‍ അനുവദിക്കില്ല. അതിന്റെ പേരില്‍ ഇനി പുറത്തുപോകാനും ഞാന്‍ തയ്യാറല്ല”, സിസ്റ്റര്‍ ലൂസി പറയുന്നു.

ഈ സന്യാസഭവനത്തിനുള്ളില്‍ എനിക്കൊരു മുറിയുണ്ടിപ്പോള്‍. ആ മുറി അവര്‍ തല്ലിത്തകര്‍ക്കുമോ? എങ്കില്‍ കാണട്ടെ. ‘ക്രൈസ്തവ ചൈതന്യം’ ഇതാണോ? ലോകം കാണട്ടെ. ക്രിസ്തുവിന്റെ സ്നേഹം ഇതാണോ എന്ന് ലോകം കാണട്ടെ. ഞാന്‍ ഉള്ളിലനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ‘ചൈതന്യം’ എന്താണെന്ന് എനിക്കറിയാം. എഫ്സിസിക്കാര്‍ ഇപ്പോഴെന്നോട് കാണിക്കുന്ന ‘ചൈതന്യം’ എന്ന് സിസ്റ്റര്‍ ലൂസി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് എഫ്സിസി സന്യാസി സഭ സിസ്റ്റര്‍ ലൂസി പുറത്താക്കിയത്. പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതിനെതിരെയാണ് സിസ്റ്റര്‍ ആദ്യം എഫ്സിസി അധികൃതര്‍ക്കും പിന്നീട് വത്തിക്കാനും അപ്പീല്‍ നല്‍കിയത്. അതേസമയം, താമസിക്കുന്ന മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മഠത്തില്‍ നിന്ന് സിസ്റ്റര്‍ക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് നിഗമനം.