എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു; കരുതലോടെ വിദ്യാഭാസ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പത്താം ക്ലാസുകർക്കും പ്ലസ് ടു വിദ്യാർത്ഥികൾക്കും പരീക്ഷകൾ ആരംഭിക്കുന്നു. കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുക. ആകെ ഒൻപത് ലക്ഷം വിദ്യാർത്ഥികളാണ് ഇപ്രാവശ്യം പരീക്ഷയെഴുതുന്നത്.

സ്‌കൂളുകളിൽ മാസ്‌കുകളും സാനിറ്റൈസറും നിർബന്ധമാക്കുന്നതിനോടൊപ്പം അദ്ധ്യാപകർക്കും മറ്റ് പരീക്ഷ നിയന്ത്രിക്കുന്നവർക്കും ഗ്ലൗസുകളും നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ അനുഗമിക്കുന്ന രക്ഷകർത്താക്കളും ജാഗ്രതപാലിക്കണമെന്നാണ് നിർദ്ദേശം.

മോഡൽ പരീക്ഷകൾ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് വിദ്യാ ഭ്യാസ വകുപ്പ്. പനിപോലെ രോഗലക്ഷണമുള്ള കുട്ടികൾക്കായി പ്രത്യേക ക്ലാസ് റൂം സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ജാഗ്രതാ നിർദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യാത്രാവേളയിലും പരീക്ഷാഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക

പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നിൽക്കാതിരിക്കുക

മാതാപിതാക്കൾ കഴിവതും വിദ്യാർത്ഥികളെ അനുഗമിക്കാതിരിക്കുക

പരീക്ഷാഹാളിൽ പഠനോപകരണങ്ങൾ പരസ്പരം പങ്കുവെക്കാതിരിക്കുക.

പരീക്ഷക്ക് ശേഷം ഹാളിൽ നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക

ക്വാറന്റീൻ സമയം പൂർത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കൊവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാർത്ഥികൾ വിവരം പരീക്ഷാ കേന്ദ്രത്തിൽ അറിയിക്കുക.