പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യ പരാമർശം, ഡിഎംകെ മന്ത്രിയ്ക്കെതിരെ ബിജെപിയുടെ പരാതി

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അസഭ്യ പരാമർശം നടത്തിയ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി.
ഡിഎംകെ എം.പി കനിമാെഴി വേദിയിലിരിക്കെയാണ് ഷിഷറീസ് മന്ത്രി രാധാകൃഷ്ണൻ പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. അതിനാൽ കനിമൊഴി എംപിയ്‌ക്കെതിരെയും നടപടി വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമല ആവശ്യപ്പെട്ടു. ഇരുവർക്കുമെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്നും ബിജെപി വ്യക്തമാക്കി.

ഇന്നലെ തൂത്തുക്കുടിയിൽ നടത്തിയ കനിമൊഴിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു രാധാകൃഷ്ണന്റെ പരാമർശം. സർദാർ വല്ലഭായ് പട്ടേലിനേയും കാമരാജിനെയും പോലുള്ള മഹാരഥന്മാരെ ആദരിക്കുന്നതിനുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് തുച്ഛമായ വോട്ടുകൾ ലക്ഷ്യമിട്ടാണ്. ‘പട്ടേൽ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കാനാണ് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത്. ഇത്തരം വെറുപ്പുളവാക്കുന്ന തന്ത്രങ്ങളാണ് പ്രധാനമന്ത്രി മോദി പ്രയോഗിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

കാമരാജർ ഡൽഹിയിൽ ആയിരുന്നപ്പോൾ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചവരാണ് മോദിയും കൂട്ടരുമെന്നും പറയുന്നതിനിടെയാണ് അസഭ്യ പരാമർശമുണ്ടായത്. മന്ത്രിയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.