നിക്കാഹിന് ബാപ്പയും വരനും സാക്ഷിയാകുന്നത് കാണാനുള്ള ഭാഗ്യം, എന്റെ സാന്നിധ്യം നിഷേധിക്കുന്നതെന്തിന്; പെണ്ണിനെ പള്ളിയില്‍ കയറ്റി നാക്കാഹ് വിപ്ലവത്തില്‍ വധു പറയുന്നു

കോഴിക്കോട്: പാലേരി പാറക്കടവ് ജുമാ മസ്ജിദില്‍ നിക്കാഹ് ചടങ്ങിന് വധു എത്തിയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു.

നിക്കാഹിന് പള്ളിക്കുള്ളില്‍ വധു എത്തിയത് അബദ്ധമാണെന്ന് മഹല്ല് കമ്മിറ്റി നിലപാട് മാറ്റിയതും പിന്നാലെ കണ്ടു. കുറ്റ്യാടി സ്വദേശി കെ എസ് ഉമ്മറിന്റെ മകള്‍ ബഹിജ ദലീലയാണ് ജുമാ മസ്ജിദില്‍ നടന്ന നിഖാഹ് ചടങ്ങിന് സാക്ഷിയായത്.വടക്കുമ്ബാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമായിരുന്നു വരന്‍. സാധാരണഗതിയില്‍ നിഖാഹ് ചടങ്ങുകള്‍ കാണാന്‍ വധുവിനെ അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ ഈ സംഭവം വലിയ വാര്‍ത്തയാകുകയും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു

വരനില്‍ നിന്ന് വേദിയില്‍ വച്ചു തന്നെ ദലീല മഹര്‍ സ്വീകരിച്ചു. സാധാരണ നിക്കാഹിന് ശേഷം വരന്‍ മഹര്‍ വധുവിന്റെ വീട്ടിലെത്തി അണിയിക്കുന്നതാണ് പതിവ്. എന്നാല്‍ ഇതിന് മാറ്റം വരുത്തിയായിരുന്നു നിഖാഹ് നടന്നത്. നിഖാഹിലെ വിപ്ലവത്തെ അഭിനന്ദിച്ച്‌ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും മറ്റും ചെയ്തിരുന്നു. മതപണ്ഡിതരോട് ചോദിച്ച്‌ അനുകൂല മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് വധുവിന് മസ്ജിദിനുള്ളില്‍ പ്രവേശനം നല്‍കിയതെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചതോടെ മഹല്ല് കമ്മിറ്റി നിലപാട് മാറ്റി.

. ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മണവാട്ടി ബഹിജ ദലീല തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ‘ബാപ്പയ്‌ക്കും വരനെുമൊപ്പം എന്റെ നിക്കാഹില്‍ പങ്കെടുത്തതാണ്‌ ജീവിതത്തിലെ വലിയ സൗഭാഗ്യം. നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത്‌ ന്യായമാണുള്ളത്‌’- ബഹിജയെ ഉദ്ധരിച്ച്‌  റിപ്പോര്‍ട്ട് ചെയ്യുന്നു. നിക്കാഹിന്‌ മണവാട്ടിയെ പങ്കെടുക്കാന്‍ അനുവദിച്ച സെക്രട്ടറി ഖേദംപ്രകടിപ്പിക്കണമെന്ന്‌ മഹല്ല് കമ്മിറ്റി ഉത്തരവിറക്കുകയും ചെയ്തു. വലിയ തെറ്റാണെന്നും ആവര്‍ത്തിക്കരുതെന്ന്‌ താക്കീതും ചെയ്‌തു.

സിവില്‍ എഞ്ചിനീയറായ വടക്കുമ്ബാട്ടെ ഫഹദ്‌ കാസിമുമായിട്ടായിരുന്നു എംഎസ്‌ഡബ്ല്യു ബിരുദധാരിയായ ബഹിജയുടെ വിവാഹം. വിവാഹത്തിന്‌ സ്വര്‍ണം വേണ്ടെന്നും സ്വന്തം നിക്കാഹില്‍ തനിക്ക്‌ പങ്കെടുക്കണമെന്നും പെണ്‍കുട്ടി വീട്ടുകാരോട്‌ ആഗ്രഹം അറിയിച്ചിരുന്നു. തുടര്‍ന്ന് സെക്രട്ടറി മതപണ്ഡിതനുമായി കൂടിയാലോചിച്ചാണ്‌ അനുമതിനല്‍കിയത്‌. ജുമാ നമസ്‌കാരത്തിനും മറ്റും സ്‌ത്രീകള്‍ക്ക്‌ പ്രവേശനമുള്ള പള്ളിയാണിത്‌.

വധുവിന്റെ കുടുംബത്തെ നേരില്‍ കണ്ട്‌ വിശ്വാസകാര്യങ്ങളില്‍ വീഴ്‌ചവരുത്തിയ കാര്യം ബോധ്യപ്പെടുത്താനും പള്ളികമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്‌. ”നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗള്‍ഫ്‌ നാട്ടില്‍ ഇത്‌ പണ്ടുതൊട്ടേയുണ്ട്‌. പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട്‌ ആശ്‌ചര്യപ്പെടുത്തി. ലോകം മാറുന്നത്‌ തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച്‌ പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ്‌ പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്വമില്ല”- പെണ്‍കുട്ടിയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു.