ആരോഗ്യമന്ത്രി ചിരിച്ചുകാണിച്ച് പറ്റിച്ചു, ആരുടെയും ഔദാര്യമല്ല ചോദിച്ചത്, നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം തള്ളി ഹർഷിന

കോഴിക്കോട് .​ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം തള്ളി ഹർഷിന. ആരോഗ്യമന്ത്രി തന്നെ ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു. വാക്കുപാലിച്ചില്ല. കഴിഞ്ഞ തവണ നടത്തിയ ഓപ്പറേഷന് പോലും രണ്ട് ലക്ഷം രൂപയില്‍ കൂടുതലായി. നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ യോഗ തീരുമാനം അറിഞ്ഞതുമുതല്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് – ഹർഷിന പറഞ്ഞു.

നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം തന്നെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഹർഷിന പറഞ്ഞു. ആരുടെയും ഔദാര്യമല്ല താന്‍ ചോദിച്ചത്. ഞാൻ അനുഭവിച്ച വേദനക്കുള്ള പരിഹാരമാണ്. നഷ്ടപരിഹാരം സംബന്ധിച്ച മന്ത്രിസഭാ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. രണ്ട് ലക്ഷം രൂപ സ്വീകരിക്കുകയുമില്ല. നീതിക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും.

രണ്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഹര്‍ഷിനയ്ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നു വെച്ച് തുന്നികെട്ടുന്നത്. ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിക്കുകയായിരുന്നു. ആഭ്യന്തര വകുപ്പ് അന്വേഷണം ഹർഷിന സ്വാഗതം ചെയ്തിട്ടുണ്ട്.

അതേസമയം, ആരോഗ്യ വകുപ്പിൽ നടക്കുന്ന ഇത്തരത്തിലുള്ള ഗുരുതര സംഭവങ്ങളിൽ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനെ തടയുകയാണ് ചെയ്തു വരുന്നത്. ഹർഷിനയുടെ സംഭവത്തിൽ ഇതുവരെ കുറ്റക്കാർ ഡോക്ടർമാർ ആയതിനാൽ പോലീസ് തല അന്വേഷണം ഇതുവരെ ഉണ്ടായിട്ടില്ല.