ലൈംഗികാവശ്യം നിരസിച്ചതിന് മകൾക്കൊപ്പം കിടന്ന ഭാര്യയെ കൊന്നു ഭർത്താവ്

നമ്പർ 1 കേരളത്തിൽ അരങ്ങുതകർക്കുകയാണ് അരുംകൊലകൾ. മലപ്പുറം പെരിന്തൽമണ്ണയിൽ, ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ ആയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഏലംകുളം പൂത്രോടി സ്വദേശിയും 30 വയസുമുള്ള ഫാത്തിമ ഫഹ്‌നയുടെ മരണവുമായി ബന്ധപെട്ടു ഭർത്താവു മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശിയും 35 കാരനുമായ പാറപ്പുറവൻ മുഹമ്മദ് റഫീഖ് ആണ് പിടിയിലായത്.

ശനിയാഴ്ച രാത്രി ഏലംകുളത്തെ സ്വന്തം വീട്ടിൽ,​ ഭർത്താവിനും നാലുവയസുകാരി മകൾക്കുമൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ഫഹ്ന. ഇതിനിടെ ഭർത്താവിന്റെ ലൈംഗികാവശ്യം നിരാകരിച്ചത്തോടെ പ്രകോപിതനായ ഭർത്താവ് പരപുരുഷ ബന്ധം ആരോപിച്ച് മർദിക്കുകയും തുടർന്ന് ഫാത്തിമയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയും ആയിരുന്നു. അർധരാത്രി കഴിഞ്ഞ് ഫഹ്‌നയും ഭർത്താവും ഉറങ്ങാൻ കിടന്ന മുറിയിൽ നിന്ന് ഒച്ചയും ബഹളവും കേട്ട് അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഫഹ്‌നയുടെ മാതാവ് നഫീസ എഴുന്നേറ്റ് നോക്കിയപ്പോൾ വീട്ടിൽ നിന്ന് റഫീഖ് ഓടിപ്പോകുന്നതാണ് കാണുന്നത്.

മുറിയിൽ കയറിനോക്കിയ മാതാവ് കണ്ടത് ഫഹ്നയെ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണി തിരുകിയ നിലയിലും ആയിരുന്നു. ഉടൻ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനു പിന്നാലെ ലഭിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു. ഫഹ്നയുടെ ദേഹത്തു നിന്ന് കാണാതായ ആഭരണങ്ങൾ പൊലീസ് പ്രതിയുടെ മണ്ണാർക്കാട്ടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ പെരിന്തൽമണ്ണ കോടതിയുടെ ചുമതലയുള്ള തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു പിന്നെ.

മുഹമ്മദ് റഫീഖ് മറ്റു ചില കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റെയിൽവേ പൊലീസിൽ കളവു കേസിലും കല്ലടിക്കോട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 2021 ൽ എടിഎമ്മിന് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് സിഐ സി.അലവി പറഞ്ഞു. ഏഴിന് രാത്രി ഫഹ്‌നയും റഫീഖും ഇവരുടെ നാലര വയസ്സുള്ള മകളും കൂടി രാത്രി ഭക്ഷണ ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. അതിനു ശേഷമാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ഏലംകുളത്തെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിലാണ് പ്രതി ചെറുകരയിലെത്തിയത്. അവിടെ നിന്ന് ബസിൽ പെരിന്തൽമണ്ണയിലും പിന്നീട് മറ്റൊരു ബസിൽ മണ്ണാർക്കാട്ടും എത്തി.

കൃത്യം നടന്ന് മണിക്കൂറുകൾക്ക് ശേഷം പൊലീസ് അന്വേഷിച്ച് എത്തുമ്പോൾ പ്രതി പള്ളിക്കുന്ന് ആവണക്കുന്നുള്ള വീട്ടിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് കസ്‌റ്റഡിയിലെടുത്തത്. കിടപ്പു മുറിയിൽ നിന്ന് ഹഫ്നയുടെ കാണാതായ സ്വർണാഭരണങ്ങളും പ്രതി സംഭവ സമയത്ത് ധരിച്ചിരുന്ന വസ്‌ത്രങ്ങളും ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഫഹ്‌നയും റഫീഖും തമ്മിൽ ഉറങ്ങാൻ കിടക്കുന്നതു വരെ പ്രശ്‌നങ്ങളില്ലായിരുന്നു വെന്നാണ് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കൊലപാതകം നടന്ന വീട്ടിലെ മുറി പൊലീസ് സീൽ ചെയ്‌തിരിക്കുകയാണ്. നിലവിൽ കൊലപാതകത്തിനുള്ള വകുപ്പ് ഉൾപ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.

അതേസമയം, സമാനമായ മറ്റൊരു സംഭവത്തിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ഭാര്യയും മകനും പിടിയിലായി. കാസർഗോഡ് പുത്തൂരടുക്കത്ത് പനച്ചിക്കാട് വീട്ടിൽ ബാബു വർഗീസിനെ (54) കൊല ചെയ്തത് സംഭവത്തിലാണ് ഭാര്യ സീമന്തിനിയും മകന്‍ സിബിനും പിടിയിലായത്. ബാബു മരിച്ചത് ശക്തമായ ചവിട്ടില്‍ വാരിയെല്ല് തകര്‍ന്ന് ഹൃദയത്തിൽ തുളച്ചു കയറിയതിനെ തുടർന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

33 മുറിവുകളാണ് ബാബുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. സംഘര്‍ഷത്തിനിടെ ആയിരിക്കാം നെഞ്ചില്‍ ചവിട്ടേറ്റതെന്നു പൊലീസ് പറയുന്നു. മാരകായുധം കൊണ്ടുള്ള അക്രമത്തില്‍ തല, വലത് ചെവിയുടെ പിൻഭാഗം, ഇടത് കാൽ മുട്ടിന് താഴെ എന്നിവിടങ്ങളിൽ ഏറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാർന്നതും മരണ കാരണമായി.

വെള്ളിയാഴ്ച പകല്‍ ഒരു മണിയോടെയാണ് പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടിൽ ബാബു വർഗീസ് (54) കൊല്ലപ്പെടുന്നത്. വെട്ടേറ്റ് വീണ ബാബുവിന്റെ ചോര പുരണ്ട വസ്ത്രങ്ങൾ സീമന്തിനിയും മകനും ചേർന്ന് മാറ്റി പുതിയത് ഉടുപ്പിച്ചിരുന്നു.വീടിനകത്തെ രക്തക്കറയും കഴുകി വൃത്തിയാക്കിയി. ഇതിനുശേഷമാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. ഭാര്യ സീമന്തിനിയും മകന്റെ കൂട്ടുകാരും ചേർന്നാണ് ബാബുവിനെ പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. വീടിനകത്തെ ചുമരിൽ കണ്ട രക്തം ബാബുവിന്റേതെന്ന് ഫോറൻ‌സിക് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചോരക്കറ പുരണ്ട വസ്ത്രങ്ങള്‍, കത്തി എന്നിവ പൊലീസ് കണ്ടെടുത്തു.

കസ്റ്റഡിയിലെടുത്ത ഭാര്യ സീമന്തിനിയെ (48) ചോദ്യം ചെയ്തപ്പോൾ കൊലയിൽ മകൻ സിബിനും (19) പങ്കുള്ളതായി തെളിഞ്ഞു. തുടർന്ന് സിബിനെ അറസ്റ്റ് ചെയ്തു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മദ്യപിച്ച് വീട്ടിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ബാബു വര്‍ഗീസിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് പ്രതികൾ ‍പൊലീസിനു നൽകിയിരിക്കുന്ന മൊഴി.