നാലു മലയാളികളടക്കം, 17 ഇന്ത്യാക്കാർ, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുമായി ബന്ധം നഷ്ടപ്പെട്ടെന്ന് കപ്പൽ കമ്പനി

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ നാലു മലയാളികളുണ്ടെന്ന് റിപ്പോർട്ട്. തൃശൂർ സ്വദേശിയായ ആൻ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് മലയാളികൾ. ഇവരുൾപ്പെടെ 17 പേരാണ് ഇന്ത്യക്കാർ. കപ്പലിൽ ആകെ 25 ജീവനക്കാരാണ് ഉള്ളത്.

അതേസമയം, ഇന്നലെ വൈകിട്ടുമുതൽ കുടുംബങ്ങൾക്ക് ഇവരുമായി ബന്ധപ്പെടാനായിട്ടില്ല. ജീവനക്കാരുമായി ബന്ധം നഷ്ടപ്പെട്ടെന്ന് കമ്പനി കുടുംബാംഗങ്ങളെ അറിയിച്ചതായി ആൻ ടെസ്സ ജോസഫിന്റെ കുടുംബം പറഞ്ഞു.

അതേസമയം, ഇറാൻ കസ്റ്റഡിയിലെടുത്ത ഇസ്രയേൽ പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പലിലെ മലയാളികൾ അടക്കമുള്ള പതിനേഴ് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നടപടി ഊർജ്ജിതമാക്കി ഇന്ത്യ. ടെഹ്റാനിലെ ഇന്ത്യൻ എംബസിക്ക് നടപടികളുടെ മേൽനോട്ട ചുമതല നൽകും. ദൂതൻ വഴിയുള്ള ആശയവിനിമയം കപ്പൽ കമ്പനിയും തുടങ്ങിയിട്ടുണ്ട്.

കപ്പലിലുള്ളവർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ഇറാൻ നടപടിയെ അപലപിച്ച് അമേരിക്കയും, ബ്രിട്ടണും രംഗത്തെത്തി. ഇറാൻ നടത്തിയത് അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അമേരിക്ക പ്രതികരിച്ചു. കപ്പൽ ഉടൻ വിട്ടയ്ക്കണമെന്ന് ബ്രിട്ടൺ ആവശ്യപ്പെട്ടു.

ഹോർമുസ് കടലിടുക്കിൽ വച്ചാണ് എംഎസ്‌സി ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. ‘ഹെലിബോൺ ഓപ്പറേഷനി’ലൂടെയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. കപ്പൽ ഇറാൻ തീരത്തേയ്ക്ക് അടുപ്പിച്ചു.

ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ – സ്വിസ് കമ്പനിയായ എംഎസ്‌സിയാണ് കപ്പലിന്റെ നടത്തിപ്പ്.