പരാമര്‍ശം നാക്കുപിഴ; മന്ത്രിക്കെതിരായ പരാമര്‍ശം പിന്‍വലിക്കുന്നു ഫാ തിയോഡേഷ്യസ് ഡിക്രൂസ്

തിരുവനന്തപുരം. ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം തുറമുഖ സമരസമിതി കണ്‍വീനര്‍ തിയോഡേഷ്യസ് ഡിക്രൂസ്. നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായും ഇതു നാക്കുപിഴവാണെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണ ഫാ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ അധിക്ഷേപം നടത്തിയത് വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം, മന്ത്രിമാര്‍ക്കെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന ഐഎന്‍എല്ലിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി കമ്മിഷണര്‍ അന്വേഷണം നടത്തും. മന്ത്രിമാരായ വി.അബ്ദുറഹ്‌മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ സംസ്ഥാന ജന സെക്രട്ടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നല്‍കിയത്.

ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികള്‍ക്കെതിരെ തീവ്രവാദബന്ധമുണ്ടെന്നും ഏഴാംകൂലിയാണെന്നുമുള്ള പരാമര്‍ശങ്ങള്‍ ഗുരുതരമാണെന്നും സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പരാതിയില്‍ പറഞ്ഞു. പരാതിയില്‍ തിരുവനന്തപുരം സിറ്റി കമ്മിഷണര്‍ അന്വേഷണം നടത്തുമെന്ന് ഡിജിപി അറിയിച്ചതായും കാസിം ഇരിക്കൂര്‍ കോഴിക്കോട് പറഞ്ഞു.