അദ്ദേഹത്തിന്റെ വെള്ള കോട്ടിനകത്ത് ചുവന്ന അലങ്കാരമോ പാർട്ടി ഭാരവാഹിയോ അല്ലാത്തതിനാൽ എവിടെയും വാഴ്ത്തുക്കൾ ഉണ്ടായില്ല- അഞ്ചു പാർവതി പ്രഭീഷ്

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായ രണ്ട് സംഭവങ്ങളായിരുന്നു ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകവും ബസ് യാത്രക്കാരിയായ യുവതിക്ക് നേരെ നടന്ന നഗ്നത പ്രദര്‍ശനവും ഈ വിഷയങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ചു പാര്‍വതി പ്രഭീഷ്. കണ്ടക്ടര്‍ യുവതിയെ രക്ഷിക്കുവാന്‍ കര്‍മ്മ നിരതനായി ജോലി ചെയ്തുവെന്ന് അഞ്ചു പറയുന്നു. അതേസമയം അക്രമിയില്‍ നിന്നും തന്റെ സഹപ്രവര്‍ത്തകയെ ജീവന്‍ പോലും പണയപ്പെടുത്തി രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ റിയല്‍ ഹീറോയാണെന്നും അഞ്ചി പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഞ്ചു പാര്‍വതി പ്രഭീഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.

ഒരാൾ കണ്ടക്ടർ, അടുത്തയാൾ ഡോക്ടർ! ഒരാൾ പൊതുഗതാഗത വാഹനത്തിൽ ഒരു അപകടകാരി ആയ ഞരമ്പൻ കാരണം അപമാനിതയായി നിന്ന ഒരു പെൺകുട്ടിക്ക് വേണ്ടി കർമ്മ നിരതനായി ഡ്യൂട്ടി ചെയ്തു. റിയൽ ഹീറോ.

എന്നാൽ ഡ്യൂട്ടിക്കായി ഇട്ട നീല കുപ്പായത്തേക്കാൾ മഹിമ വർത്തമാനകേരളത്തിലെ ചുവപ്പ് നിറത്തിന് ഉള്ളതിനാൽ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും വരെ വാഴ്ത്തിപ്പാടുവാൻ പാണന്മാർ അണിനിരന്നു. ചാനൽ ചർച്ചകളിൽ പോലും “സഖാവ് “വാഴ്ത്താരികൾ നിറഞ്ഞു.

രണ്ടാമത്തെയാൾ പൊതു ആതുരാലയത്തിൽ ഡ്യൂട്ടിക്കിടയിൽ ഒരു ക്രിമിനലിനാൽ ആക്രമിക്കപ്പെട്ടു മൃതപ്രായയായ സഹപ്രവർത്തകയെ തന്റെ ജീവൻ പോലും പണയപ്പെടുത്തി രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർ. ആയുധവുമായി നിന്ന് കൊലവിളിച്ചവനെ കണ്ട് പോലീസുകാർ ഓടിയൊളിച്ചിട്ടും ധൈര്യം വിടാതെ, സഹപ്രവർത്തകയെ രക്ഷിക്കാൻ വേണ്ടി മുന്നിൽ നിന്ന ചെറുപ്പക്കാരൻ. റിയൽ റിയൽ ഹീറോ

അദ്ദേഹത്തിന് തന്റെ വെള്ളകോട്ടിനകത്തു ഇടാൻ ചുവന്ന അലങ്കാരമോ പാർട്ടി ഭാരവാഹിത്തരമോ ഇല്ലാത്തതിനാൽ ചാനൽ ചർച്ചകളിലും വാർത്തകളിലും എന്തിന് സമൂഹ മാധ്യമങ്ങളിൽ പോലും വാഴ്ത്തുക്കൾ ഉണ്ടായില്ല. വർത്തമാനകേരളത്തിന്റെ റിയൽ സ്റ്റോറി!