ദിലീപും മഞ്ജുവും ഒറ്റക്കെട്ടായി മുന്നോട്ട്, ചട്ടിപ്പത്തിരിയും പഴംപൊരിയും വിറ്റ് അതിജീവനത്തിനായുള്ള പോരാട്ടം

കോവിഡ് കാലം ജീവിതം മാറ്റിമറിച്ചവർ നിരവധിയാണ്. പലർക്കും ലോക്ക് ഡൗൺ വന്നതോടെ ഉപജീവനമാർ​ഗ്​ഗം പോലും നഷ്ടപ്പെട്ടിരുന്നു. തൃശ്ശൂർ സ്വദേശികളായ ദിലീപും മഞ്ജുവിന്റെയും ജീവിതവും പ്രതസന്ധിയിലായി. തൃശ്ശൂർ ചാവക്കാട് മണത്തല മടേക്കടവിൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫറായിരുന്നു ദിലപ്, ദിയ സ്‌കൂൾ ഓഫ് ഡാൻസ്’ എന്ന നൃത്തവിദ്യാലയം നടത്തിവരികയായിരുന്നു മഞ്ജു. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും സുഖമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്വതിനിടയിലാണ് ലോക്ക് ഡൗൺ വരുന്നത്.

ജോലി നഷ്ടമായതോടെയാണ് പലഹാരം ഉണ്ടാക്കി വിൽക്കാമെന്ന ആശയം മനസ്സിൽ ഉദിച്ചത്.ആദ്യമൊക്കെ ചെറിയ രീതിയിൽ പലഹാരമുണ്ടാക്കി മഞ്ജു പരീക്ഷിച്ചു. ഇപ്പോൾ ചട്ടിപ്പത്തിരിയും മുട്ടസുർക്കയും പഴംപൊരിയും ഇലഅടയും ഉണ്ണിയപ്പവും ബജിയും നെയ്യപ്പവും തുടങ്ങി കൈയ്യിലെണ്ണാവുന്നതിലുമധികം പലഹാരങ്ങൾ മഞ്ജു ഉണ്ടാക്കും.

പുലർച്ചെ 3ന് വീടിനോട് ചേർന്ന അടുക്കളയിൽ മഞ്ജു പലഹാരമുണ്ടാക്കുന്ന ജോലി ആരംഭിക്കും. വിഭവങ്ങൾ പുലർച്ചെ 5 മുതൽ ആവശ്യക്കാർക്ക് എത്തിക്കുന്ന ജോലി ദിലീപിന്റേതാണ്. അടുത്ത പരിചയക്കാരെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ‘ഹോം ഫ്രഷ് സ്‌നേക്‌സ്’ എന്ന വാട്‌സ് ആപ് കൂട്ടായ്മയും ഉണ്ടാക്കി. ഓർഡറുകൾ ഇതിലൂടെയും വന്നുതുടങ്ങി.

ഗുരുവായൂർ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്‌കൂൾ കെജി സെക്ഷൻ, തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ എന്നിവിടങ്ങളിൽ നൃത്തം പഠിപ്പിച്ചിരുന്നു മഞ്ജു. നൃത്തവിദ്യാലയം മടേക്കടവിലും എടക്കഴിയൂരിലും നടത്തുന്നുണ്ട്. മമ്മിയൂർ എൽഎഫ്‌സിയുപി സ്‌കൂൾ വിദ്യാർഥിനി ദിയയും തിരുവത്ര ശ്രീനാരായണ വിദ്യാനികേതനിലെ വിദ്യാർഥി ദക്ഷിതും മക്കളാണ്.