ഏക സിവിൽ കോഡ് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ഏകീകൃത സിവിൽകോഡ് പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ബില്ലാണ് ഇന്ന് പാസാക്കിയത്. ഇതോടെ ഏകീകൃത സിവിൽകോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ യുസിസി ബില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാജസ്ഥാന്‍ അറിയിച്ചിരുന്നു.

ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തെ ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി, ബിൽ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഞങ്ങൾക്ക് അധികാരത്തിൽ വരാനും ബിൽ പാസാക്കാനും അവസരം നൽകിയ എല്ലാ എംഎൽഎമാർക്കും ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു’ -മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നാല് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ബിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ തിങ്കളാഴ്ച ബില്ലിന് അം​ഗീകാരം നൽകിയിരുന്നു. റിട്ടയർഡ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അദ്ധ്യക്ഷയായ അഞ്ചംഗ സമിതിയാണ് സിവിൽ നിയമങ്ങളുടെ കരട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. വിവാഹം, വിവാഹമോചനം, ഭൂമി, അനന്തരാവകാശം, ദത്ത് എന്നിവയിൽ ഏകീകൃത നിയമങ്ങൾ കൊണ്ടുവരുന്നതാണ് ബിൽ.