സുരക്ഷ സംബന്ധിച്ചുള്ള ഡോക്ടർമാരുടെ ആശങ്ക ശരി വയ്ക്കുന്നതാണ് ഡോക്ടറുടെ അരുംകൊലയെന്ന് വി. മുരളീധരൻ

കൊല്ലം: യുവഡോക്ടറെ അരുംകൊല ചെയ്ത സംഭവം ഞെട്ടിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടർമാർ ഉയർത്തിയിരുന്ന ആശങ്ക പൂർണ്ണമായും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഡോ. വന്ദനയുടെ കൊലപാതകമെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോഗ്യവകുപ്പിന് കപ്പിത്താൻ ഇല്ല എന്ന് ഒരിക്കൽ കൂടി വ്യക്തമായി, കഴിഞ്ഞവർഷം കേരളത്തിൽ 137 അതിക്രമങ്ങളാണ് ഡോക്ടർമാർക്കെതിരെ മാത്രം ഉണ്ടായത്.

അതിക്രമങ്ങളിൽ അധികവും ഇരയാകുന്നത് വനിത ഡോക്ടർമാരാണ് എന്നതാണ് കൂടുതൽ അപമാനകരം.
സ്ത്രീ സമത്വം, കേരള മോഡൽ, പ്രബുദ്ധ കേരളം എന്നെല്ലാം പാർട്ടി സ്റ്റഡി ക്ലാസുകളിലും സമൂഹമാധ്യമങ്ങളിലും ആവർത്തിച്ചാൽ പോരെന്നും ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണം എന്നും വി. മുരളീധരൻ പറഞ്ഞു.

ഡോ. വന്ദനയുടെ വേർപാടിൽ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും വി.മുരളീധരൻ കൂട്ടിചേർത്തു. ഇത്തരം ആക്രമണങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ വേണ്ട നടപടിയാണ് സ്വീകരിക്കേണ്ടത്. ഇനി ഒരു ആരോഗ്യപ്രവർത്തകനും ഇത്തരത്തിൽ ജീവൻ നഷ്ടമാകാനോ ആക്രമിക്കപ്പെടാനോ ഇടയുണ്ടാകരുത്.