കേരളത്തിലെ സംഘപരിവാര്‍ ശക്തികളുടെ ബി ടീം ക്യാപ്റ്റനാണ് ഇ.പി ജയരാജന്‍, കോച്ച് പിണറായി, വിമർശിച്ച് വി.ഡി സതീശന്‍

കൊച്ചി: കേരളത്തിലെ സംഘപരിവാര്‍ ശക്തികളുടെ ബി ടീം ക്യാപ്റ്റനാണ് ജയരാജനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാണോ എന്‍.ഡി.എ കണ്‍വീനറാണോയെന്ന് സംശയമുണ്ട്. പിണറായി വിജയൻ അതേ ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റനും കോച്ചുമാണെന്ന് വി.ഡി സതീശന്‍  പറഞ്ഞു.

തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയോട് ജയരാജന് പ്രത്യേക മമതയുണ്ട്. കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി അന്തര്‍ധാര മാത്രമല്ല, ബി.ജെ.പി നേതാക്കളുമായി സി.പി.എം നേതാക്കള്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്പും തുടങ്ങിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. കെ.റൈസില്‍ പിണറായി കാട്ടുന്നത് മോദിയേക്കാള്‍ അല്‍പത്തരമാണ്.

എഫ്.സി.ഐ ഗോഡൗണിലെ അരി വില കൂട്ടി ബി.ജെ.പിക്കാരെ കൊണ്ട് വിറ്റഴിച്ച കേന്ദ്ര സര്‍ക്കാരിന്റെയും മോദിയുടെയും നടപടി അല്‍പത്തരമെന്നാണ് എല്ലാവരും ആക്ഷേപിച്ചത്. കേരള മുഖ്യമന്ത്രിയും അല്‍പത്തരമാണെന്നാണ് പറഞ്ഞത്. എന്നാല്‍ അതിനേക്കാള്‍ വലിയ അല്‍പത്തരമാണ് കേരള അരിയുടെ പേരില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

പത്ത് കിലോ അരി നേരത്തെ തന്നെ കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്നതാണ്. അന്ന് ജയ, മട്ട, കുറുവ അരി ഇഷ്ടാനുസരണം വാങ്ങാനുള്ള സംവിധാനമുണ്ടായിരുന്നു. ആ പത്ത് കിലോയില്‍ ജയ, മട്ട, കുറുവ അരി വാങ്ങുന്നത് അഞ്ച് കിലോ ആയി പരിമിതപ്പെടുത്തി. ബാക്കി അഞ്ച് കിലോയുടെ കാര്യം ആലോചിക്കാമെന്നാണ് വകുപ്പ് മന്ത്രി തന്നെ പറയുന്നത്. അപ്പോള്‍ കെ- റൈസിന്റെ പേരില്‍ കൂടുതല്‍ അരിയല്ല നല്‍കുന്നത്. കെ റൈസ് ഉദ്ഘാടനം കഴിഞ്ഞതോടെ ഒരിടത്തും അരിയില്ലാത്ത അവസ്ഥയാണ്. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ജനങ്ങളെ കബളിപ്പിക്കരുതെന്നാണ് മുഖ്യമന്ത്രിയോടും ഭക്ഷ്യമന്ത്രിയോടും അഭ്യര്‍ഥിക്കാനുള്ളത്.