പി സി ഓ ഡി നോക്കണേ, മുപ്പത് കഴിഞ്ഞാല്‍ കൊച്ചോണ്ടാകില്ലെന്ന് പരിതപിക്കരുത്

പൊതുവെ പെണ്‍കുട്ടികള്‍ 20 വയസ് പിന്നിടുമ്പോഴേ സമൂഹത്തില്‍ നിന്നും ഉയരുന്ന ചോദ്യമാണ് എപ്പോഴാണ് വിവാഹം എന്നത്. 25-30 വയസ് ആയാലോ ചോദ്യത്തിന്റെ മൂര്‍ച്ഛ കൂടും. ആരെ എങ്കിലും കണ്ടു വെച്ചിട്ടുണ്ടോ?, വേറെ വെല്ലോ കുഴപ്പമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയരും. ഇത്തരം ചോദ്യങ്ങളെ ഏത് വിധത്തില്‍ നേരിടണം എന്ന് പറയുകയാണ് കവിയത്രി കൂടിയായ വിപിത. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിപിത ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

വിപിതയുടെ കുറിപ്പ് ഇങ്ങനെ, മുപ്പതുകളിലേക്ക് കടന്ന സ്ത്രീകളോട് ( അല്ലാത്തവരോടും )ചില അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുത്. എപ്പൊഴാ കെട്ടുന്നേ എപ്പൊഴാ കെട്ടുന്നേ എന്ന് ചോദിച്ചു ചോദിച്ചു മടുപ്പിക്കരുത്. ആളെ കണ്ട് വച്ചിട്ടുണ്ടോ, എങ്കില്‍ സ്വസ്ഥമായി എന്ന് സന്തോഷം പ്രകടിപ്പിച്ചു ആളാകരുത്. പ്രണയ നൈരാശ്യം കൊണ്ടോ ഫെമിനിസ്റ്റ് ആയതിനാലോ ആണ് കെട്ടാചരക്കായി നില്‍ക്കുന്നത് എന്ന് സ്വകാര്യം പറഞ്ഞു ഇളിച്ചേക്കരുത്. തടി കൂടുന്നുണ്ട്,, ആണിനെ കിട്ടാന്‍ പാടാണെന്ന് അപ്പനും അമ്മയും ചമയരുത്.

ജോലി ഇനിയും കിട്ടിയില്ലേ, കുഴിയിലെടുക്കുമ്പോഴേലും പഠിച്ചു തീരുമോയെന്ന് ചൊറിയരുത്. പി സി ഓ ഡി നോക്കണേ, മുപ്പത് കഴിഞ്ഞാല്‍ കൊച്ചോണ്ടാകില്ലെന്ന് പരിതപിക്കരുത്. കെട്ടിയില്ലേലും കാര്യങ്ങളൊക്കെ നടക്കുന്നുണ്ടല്ലേയെന്ന് കുതിര കേറാന്‍ വരരുത്. മുപ്പതായില്ലേ, ഇനിയും skirt ഇടാവോയെന്ന് ഇങ്ങോട്ട് കേറി അളിഞ്ഞ വര്‍ത്താനം പറയരുത്. അഥവാ ഇങ്ങനൊക്കെ പറയാന്‍ വന്നാലും കോപ്പാണ്.മുപ്പതുകളില്‍ ജീവിതം തുടങ്ങുന്നേയുള്ളൂ.