വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്‌ക്ക് വിടുന്നതിനെ എതിർത്ത് മുസ്ളീം സംഘടനകൾ

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിയ്‌ക്ക് വിടുന്നതിനെ എതിർത്ത് മുസ്ളീം സംഘടനകൾ രം​ഗത്ത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സംഘടനകൾ പ്രശ്‌നത്തിലെ അപ്രായോഗികത വ്യക്തമാക്കിയത്. സ്ഥിരം റിക്രൂട്ട്മെന്റ് ബോർഡിന്റെ ആവശ്യമില്ലെന്നാണ് സമസ്‌തയടക്കം സംഘടനകളുടെ നിലപാട്.

കേരളം ഇന്ത്യയ്‌ക്കാകെ മാതൃകയാണെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനത്തും വഖഫ് നിയമനം പിഎസ്‌സിയ്‌ക്ക് വിട്ടുകൊടുത്തിട്ടില്ല എന്നും സംഘടനകൾ സർക്കാരിനെ അറിയിച്ചു. ഇത്തരത്തിൽ നിയമനം വിട്ടുകൊടുക്കുന്നത് സംഭവിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ മുസ്ളീം സമുദായങ്ങൾക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു.

യോഗത്തിൽ പങ്കെടുത്ത സംഘടനകളുടെ വികാരം മാനിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചതായി യോഗശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ വിവിധ സംഘടനാ നേതാക്കൾ വ്യക്തമാക്കി. അനുഭാവപൂർവമായ തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മതസമുദായ സംഘടനകളും വഖഫ് അംഗങ്ങളും ചേർന്ന ബോർഡ് നിയമനങ്ങൾ നടത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത 11 സംഘടനകളും അറിയിച്ചു.