കൊവിഡ്-19: വയനാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ജില്ലയില്‍ കൂടുതല്‍ കൊവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകള്‍ ബഫര്‍ സോണായി പ്രഖ്യാപിച്ചതായി പൊലിസ്. ഇവിടെ അവശ്യ വസ്തുക്കളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാമെങ്കിലും ഡോര്‍ ഡെലിവറി സംവിധാനം ഒരുക്കുന്ന മുറക്ക് മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികേയുള്ളവ അടച്ചിടേണ്ടതാണെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.

മാനന്തവാടി നഗരസഭ, തിരുനെല്ലി, എടവക, വെള്ളമുണ്ട പഞ്ചായത്തുകള്‍ എന്നിവയുടെ പരിധിയില്‍ വരുന്ന മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്ക് കടകള്‍, പഴം-പച്ചക്കറി കടകള്‍ ഒഴികെയുള്ള മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും ഡോര്‍ ഡെലിവറി സംവിധാനം ഒരുക്കുന്ന മുറക്ക് അടച്ചിടണമെന്ന് ജില്ലാകലക്ടര്‍ ഉത്തരവിട്ടിരുന്നു. പൊതുജനങ്ങള്‍ക്കാവശ്യമായ അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ ഗ്രാമപഞ്ചായത്ത്/നഗരസഭ നേതൃത്വത്തില്‍ വ്യാപാര സംഘടനകളുമായി ചേര്‍ന്ന് ഹോം ഡെലിവറി സംവിധാനം സജ്ജീകരിക്കുന്നതോടെ ഈ പ്രദേശങ്ങളിലെ മുഴുവന്‍ കടകളും അടച്ചിടേണ്ടി വരും.

വ്യാപാരികള്‍ അതാത് പ്രദേശത്ത് ഡോര്‍ ഡെലിവറി സംവിധാനമായോ എന്നുള്ള കാര്യം പഞ്ചായത്ത്/നഗരസഭ/വ്യാപാരി സംഘടന പ്രതിനിധികള്‍ എന്നിവരുമായി സംസാരിച്ച്‌ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് കടകള്‍ തുറക്കാനുള്ള അനുമതിയുണ്ടാവുക. ബാങ്കുകള്‍, ട്രഷറി എന്നിവക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കാം.