‘ടേബിളിൽ ഒന്ന് തലവച്ച് ഉറങ്ങാൻ ഞങ്ങൾക്ക് ഭയമാണ്, രാത്രി മദ്യപിച്ച് പോലും രോഗികളെത്തും, എന്നിട്ടും ജോലിക്ക് പോകുന്നത് രോഗികളെ ഓർത്താണ്’ ഡോ. ജാനകി

കൊല്ലം . ഡോ. വന്ദന ക്രൂരമായി കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ആശുപത്രിക ളിൽ ഡ്യൂട്ടി സമയത്ത് തങ്ങൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും സുരക്ഷിതത്വമില്ലായ്മയും തുറന്നു പറയുന്ന ആരോഗ്യപ്രവർത്തകരുടെ പ്രതികരണങ്ങൾ സാമൂഹ്യ മാധ്യങ്ങളിൽ ശ്രദ്ധേയമാവുകയാണ്. തൃശൂർ മെഡിക്കല്‍ കോളജിലെ ഹൗസ്‌ സർജൻ ഡോ. ജാനകി ഓംകുമാർ തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി.

നൈറ്റ് ഡ്യൂട്ടികളിൽ പലപ്പോഴും ഞങ്ങൾ ആരോഗ്യപ്രവർത്തകർ ഒറ്റയ്ക്കാണ് ഉണ്ടാവുകയെന്നും, ഒന്ന് ഉച്ചത്തിൽ വിളിച്ചാൽ കേൾക്കാവുന്ന അകലത്തിൽ ഒരു നഴ്സിങ് സ്റ്റാഫോ അറ്റന്‍ഡറോ സെക്യൂരിറ്റി സ്റ്റാഫോ ഉണ്ടാകാറില്ലെന്നും ജാനകി പറഞ്ഞിരിക്കുന്നു. ‘ഞങ്ങൾ എത്രമാത്രം അരക്ഷിതമായ ചുറ്റുപാടിലാണ് ജോലിചെയ്യുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം. പലപ്പോഴും സുരക്ഷിതത്വം ഉണ്ടാകാറില്ല. എന്നിട്ടും ഞങ്ങളെല്ലാം ആ ജോലിക്കു പോകാനുള്ള കാരണം അവിടെ വരുന്ന രോഗികൾക്ക് ഞങ്ങൾ ഉണ്ടാകണമെന്ന് നിർബന്ധമുള്ളതിനാലാണ്’ ഡോക്ടർ ജാനകി പറയുന്നു.

‘രാത്രി തിരക്കൊഴിയുന്ന സമയത്തു പോലും ഇരിക്കുന്ന ടേബിളിൽ ഒന്ന് തലവച്ച് ഉറങ്ങാൻ ഞങ്ങൾക്ക് ഉള്ളിൽ ഭയമാണ്. കാരണം ആ സമയം ആരെങ്കിലും കയറി വന്ന് എന്തെങ്കിലും ചെയ്താൽ ഒന്നും നമുക്ക് ചെയ്യാൻ കഴിയില്ല. പലപ്പോഴും രാത്രി മദ്യപിച്ച് രോഗികളെത്തും. അങ്ങനെ പലരീതിയിലുള്ള അനുഭവങ്ങളുണ്ടാകും. എന്നിട്ടും ഞങ്ങളെല്ലാം ഈ ജോലിക്കു പോകുന്നത് വരുന്ന രോഗികളുടെ ആരോഗ്യം ഞങ്ങൾക്ക് അത്ര പ്രധാനമാണ് എന്നുള്ളതിനാലാണ് ’. ജാനകി പറയുന്നു.