വിദ്യാഭ്യാസ ഓഫീസര്‍ ക്ലാസിൽ മിന്നല്‍ പരിശോധനക്ക് വന്നപ്പോൾ അധ്യാപിക മദ്യപിച്ച് ബോധരഹിതയായി ഉറങ്ങുന്നു.

 

വിദ്യാഭ്യാസ ഓഫീസര്‍ ക്ലാസിൽ മിന്നല്‍ സന്ദര്‍ശനം നടത്താൻ എത്തിയപ്പോൾ കണ്ടത് മദ്യപിച്ച് ബോധരഹിതയായി ക്ലാസില്‍ കിടക്കുന്ന അധ്യാപികയെ ആയിരുന്നു. ക്ലാസ് മുറിയിലെ തറയില്‍ അധ്യാപിക ഉറങ്ങുമ്പോൾ ചുറ്റിനും കളിച്ചും വര്‍ത്തമാനം പറഞ്ഞും വിദ്യാർഥികൾ ഇരിക്കുന്നു.

ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയിലെ ടിക്കായത്ത്ഗഞ്ച് പ്രൈമറി സ്‌കൂളിലാണ് ഈ സംഭവം. അധ്യാപികയ്ക്ക് എന്തെങ്കിലും അപകടം പറ്റിയതാണെന്നാണ് വിദ്യാഭ്യാസ ഓഫീസര്‍ ആദ്യം കരുതിയത്. കുട്ടികളോട് കാര്യം തിരക്കിയപ്പോഴാണ് അധ്യാപിക മദ്യപിച്ച് ബോധരഹിതയായി കിടക്കുകയാണെന്നും ആള് ഫുൾ ഫിറ്റിൽ ഉറങ്ങുകയാ ണെന്നും മനസിലായി. സംഭവം വിവാദമായതോടെ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു.

ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസര്‍ സിദ്ദിഖ് രാവിലെ 11 മണിയോടെയാണ് ഇന്‍സ്‌പെക്ഷനായി സ്‌കൂളില്‍ എത്തുന്നത്. എന്നാല്‍ ക്ലാസ് മുറിയില്‍ കണ്ടത് ബോധരഹിതയായി കിടക്കുന്ന അധ്യാപിക ജഗപതി ഭഗതിനെയായിരുന്നു. മൂന്നാം ക്ലാസിലേയും നാലാം ക്ലാസിലേയും വിദ്യാര്‍ത്ഥികളാണ് ആ സമയത്ത് അധ്യാപികയ്‌ക്കൊപ്പമുണ്ടായിരുന്നത്.

ടീച്ചര്‍ മദ്യലഹരിയിലാണെന്ന് വിദ്യാര്‍ത്ഥികള്‍ ഉദ്യോഗസ്ഥനെ അറിയിക്കുകയാണ് ഉണ്ടായത്. വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ നിലത്ത് കിടന്നിരുന്ന അധ്യാപികയെ ഉദ്യോഗസ്ഥന്‍ കസേരയില്‍ ഇരുത്തി. തുടര്‍ന്ന് എസ്പി പ്രതിഭ പാണ്ഡെയെ വിവരം അറിയിക്കുകയും രണ്ട് വനിതാ കോണ്‍സ്‌ററബിള്‍മാരെ സ്‌കൂളിലേക്ക് അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പോലീസുകാരെത്തി അധ്യാപികയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയി ലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ ഇവര്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. 54 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ ഏക അധ്യാപികയാണ് ജഗപതി ഭഗത്. ഇവര്‍ മുന്‍പും മദ്യപിച്ച് സ്‌കൂളില്‍ എത്തിയിരുന്നതായി ഉദ്യോഗസ്ഥർ അന്വേഷണ ത്തില്‍ കണ്ടെത്തി. സംഭവത്തെ തുടർന്ന് അധ്യാപികയെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.