തലശേരിയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചു, കോടതി പൂട്ടിച്ച വില്ലൻ

തലശ്ശേരി കോടതി ജീവനക്കാർക്കിടയിലെ അസുഖബാധ സിക്ക വൈറസ് എന്ന് സ്ഥിരീകരിച്ചു.ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. കൊതുകുനശീകരണം അടക്കമുള്ള നടപടിക്രമങ്ങൾ നടത്താൻ തീരുമാനം.ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം പുറത്തു വന്നു.തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോടു സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്

ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക രോഗവും പകർത്തുന്നത്.രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.വൈറസ് ബാധിച്ച അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരാം.

രോഗബാധയുള്ള അമ്മമാർ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ വലിപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായി ജനിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥയെ മൈക്രോസെഫാലി എന്നാണു വിശേഷിപ്പിക്കുന്നത്.മുതിർന്നവരിൽ നാഡികളെ ബാധിക്കുന്ന ഗില്യൻ ബാരി സിൻഡ്രോം   എന്ന അവസ്ഥയ്ക്കും ഈ രോഗം കാരണമാകുന്നതായി സംശയിക്കുന്നു.

രോഗബാധ തടയുവാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകുനിർമ്മാർജ്ജനമാണ്. രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധമരുന്ന് കണ്ടത്തിയിട്ടില്ല. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന സ്ഥാപനം രോഗത്തിനെതിരെ പ്രതിരോധമരുന്ന് വികസിപ്പിക്കുന്നതിൽ നിർണ്ണായക ഘട്ടം പൂർത്തിയാക്കിയതായി അവകാശപ്പെട്ടിരുന്നു.