ജപ്പാനിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിനിടെ പൊ​ട്ടിത്തെറിച്ചു

ടോക്കിയോ : ജപ്പാനിലെ സ്വകാര്യ കമ്പനി നിർമിച്ച റോക്കറ്റ് ബുധനാഴ്ച വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. ​ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്​പേസ് വൺ കമ്പനിയുടെ ഉപഗ്രഹം വഹിച്ചുള്ള റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ജപ്പാനിലെ സ്വകാര്യ മേഖലയിലെ ആദ്യ റോക്കറ്റായിരുന്നു ഇത്. 18 മീറ്റര്‍ ഉയരമുള്ള കെയ്‌റോസ് റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭ്രമണ പഥത്തില്‍ ഉപഗ്രഹമെത്തിക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടം ലക്ഷ്യമിട്ടായിരുന്നു ഈ വിക്ഷേപണം.

പശ്ചിമ ജപ്പാനിലെ വാകായാമ പ്രീഫെക്ചറിലുള്ള വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. ജപ്പാന്റെ പരീക്ഷണ ഉപഗ്രഹമായിരുന്നു റോക്കറ്റിലുണ്ടായിരുന്നത്. എന്നാല്‍ വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ റോക്കറ്റ് തീഗോളമായി മാറി. റോക്കറ്റിന്റെ ഭാഗങ്ങള്‍ താഴെ വിക്ഷേപണത്തറയില്‍ വീണ് കത്തിയമര്‍ന്നു.

പരാജയകാരണം പരിശോധിച്ചുവരികയാണെന്ന് സ്‌പേസ് വണ്‍ പറഞ്ഞു. കാനൻ ഇലക്ട്രോണിക്സ്, ഐ.എച്ച്.ഐ എയ്റോസ്​പേസ്, കൺസ്ട്രക്ഷൻ സ്ഥാപനമായ ഷിമിസു, സർക്കാർ ഉടമസ്ഥതയിലുള്ള ഡെലവലപ്മെന്റ് ബാങ്ക് ഓഫ് ജപ്പാൻ എന്നിവയുൾപ്പെടയുള്ള കമ്പനികൾ ചേർന്നാണ് 2018ൽ സ്​പേസ് വൺ സ്ഥാപിക്കുന്നത്.

സാറ്റലൈറ്റ് വിക്ഷേപണ വിപണിയിൽ പ്രവേശിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് റോക്കറ്റിന്റെ പൊട്ടിത്തെറി. നിലവിലുള്ള ചാര ഉപഗ്രഹങ്ങൾ തകരാറിലാകുമ്പോൾ താൽക്കാലികവും ചെറുതുമായ ഉപഗ്രഹങ്ങൾ വേഗത്തിൽ വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ജപ്പാൻ. കഴിഞ്ഞ ജൂലൈയിൽ മറ്റൊരു ജാപ്പനീസ് റോക്കറ്റും പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു.