500-ഓളം പേർക്ക് ബിജെപി അം​ഗത്വം നൽകി സുരേഷ് ​ഗോപി, ദേശീയതയ്‌ക്കൊപ്പമെന്ന് 150- ഓളം കുടുംബങ്ങൾ

തൃശൂർ: നാട്ടിക നിയോജക മണ്ഡലത്തിൽ 500-ഓളം പേർ ബിജെപി അം​ഗത്വം സ്വീകരിച്ചു. 150- ഓളം കുടുംബങ്ങളാണ് ദേശീയതയിൽ അടിയുറച്ച് ബിജെപിക്കൊപ്പം അണിചേർന്നത്. നടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയിൽ നിന്നുമാണ് ഏവരും ബിജെപി അം​ഗത്വം സ്വീകരിച്ചത്. ബിജെപി നാട്ടിക മണ്ഡലം പ്രസിഡൻ്റ് ഇ.പി ഹരീഷ് പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ചേർപ്പ് മണ്ഡലം പ്രസിഡന്റ് സിജോ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി രമേശാണ് ആമുഖ പ്രസംഗം നടത്തിയത്. ഇന്ത്യയുടെ ഭാവി ചരിത്രത്തിലെ നാഴികക്കല്ലായ പാർലമെൻ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പോലും ബഹിഷ്ക്കരിക്കുന്ന മാനസികാവസ്ഥയിലേക്ക് കോൺഗ്രസ് തരം താഴ്ന്നിരിക്കുകയാണെന്നും ഇനി വരുന്ന 50 വർഷങ്ങളിലും കോൺഗ്രസുകാർക്ക് പാർലിമെൻ്റിനകത്തേക്ക് കടക്കാൻ ദേശീയ ബോധമുള്ള ഇന്ത്യക്കാർ അനുമതി നൽകില്ല എന്നും എം.ടി രമേശ് പ്രതികരിച്ചു.

പരിപാടിക്ക് ഭദ്രദീപം കൊളുത്തി സുരേഷ് ഗോപി യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാർ, ജന.സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, സെക്രട്ടറി ലോജനൻ അമ്പാട്ട്, വൈസ് പ്രസിഡൻ്റ് സുജയ് സേനൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് ഇ.പി. ത്സാൻസി എന്നിവർ ആശംസകൾ നേർന്നു.