താന്‍ വേണ്ടെന്ന് വെച്ച രണ്ട് സിനിമകളാണ് നയന്‍താരയെ തമിഴില്‍ താരമാക്കിയത്, നവ്യ നായര്‍ പറയുന്നു

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. പിന്നീട് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ താന്‍ വേണ്ടെന്ന് വെച്ച ചില ചിത്രങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നവ്യ നായര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ തന്‍രെ മനസ് തുറന്നത്. നവ്യ നിരസിച്ച രണ്ട് ചിത്രങ്ങളും വലിയ വിജയമായി മാറി, ഇത് മറ്റൊരു നടിയുടെ കരിയറില്‍ നിര്‍ണായകമായി മാറുകയും ചെയ്തു.

2005ല്‍ ശരത് കുമാര്‍ നായകനായി എത്തിയ അയ്യ ആയിരുന്നു ഒരു ചിത്രം. നയന്‍താരയായിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. ഹരിയായിരുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. നയന്‍താരയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ പാട്ടുകളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രം ആദ്യമെത്തിയത് നവ്യയ്ക്ക് ആയിരുന്നു. എന്നാല്‍ അക്കാലത്ത് താന്‍ കൂടുതല്‍ മലയാള സിനിമകളായിരുന്നു ചെയ്തിരുന്നതെന്നും അതിനാല്‍ വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നവ്യ പറയുന്നു. ഇതോടെ ഈ ചിത്രത്തിലേക്ക് നയന്‍താര എത്തുകയായിരുന്നു. പിന്നെ നടന്നത് ചരിത്രമാണ്.

രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലും തന്നെയായിരുന്നു ആദ്യം സമീപിച്ചിരുന്നത്, എന്നാല്‍ നിരസിക്കുകയായിരുന്നു. തനിക്ക് തമിഴ് ഭാഷ ഭയങ്കര ഇഷ്ടമാണെന്നും തമിഴ് എഴുതാനും വായിക്കാനും പഠിച്ചുവെന്നും നവ്യ പറയുന്നു. അതേസമയം തമിഴില്‍ തനിക്ക് നല്ല സിനിമകളൊന്നും പിന്നീട് ലഭിച്ചിരുന്നില്ലെന്നും നവ്യ പറയുന്നു.