സിനിമക്കാരനായതുകൊണ്ട് വിവാഹം വൈകി- ​ഗോകുലൻ

പുണ്യാളൻ അഗർബത്തീസ്, ഉണ്ട, എന്റെ ഉമ്മാന്റെ പേര്, പത്തേമാരി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടന്നാണ് ഗോകുലൻ. അടുത്തിടെയാണ് താരം ധന്യയെ വിവാഹം കഴിച്ചത്. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

ഇപ്പോഴിതാ സിനിമാക്കാരനാണെന്ന ഒറ്റക്കാരണം കൊണ്ട് വർഷങ്ങളോളം പെണ്ണ് അന്വേഷിച്ച് നടക്കേണ്ടി വന്നെന്നും പെണ്ണ് കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നെന്നും പറയുകയാണ് താരം.വാക്കുകൾ, കഴിഞ്ഞ മേയിലാണ് എന്റെ വിവാഹം കഴിയുന്നത്. മൂന്ന് വർഷമായി ഞാൻ പെണ്ണ് അന്വേഷിച്ചുള്ള ഓട്ടത്തിലായിരുന്നു. സിനിമാ നടനായതുകൊണ്ട് പെണ്ണ് കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഉണ്ടയുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂക്ക എന്നോട് വിവാഹം കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. സിനിമാനടനായതുകൊണ്ടാണ് പെണ്ണ് കിട്ടാത്തതെന്ന് പറഞ്ഞപ്പോൾ ‘ഇപ്പോഴും അങ്ങനെ ഒക്കെ ഉണ്ടോ’ എന്നാണ് മമ്മൂക്ക ചോദിച്ചത്. ആലോചനയുമായി പോകുമ്പോൾ സിനിമാ നടനാണ് എന്ന് എല്ലാവർക്കും അറിയാം. പക്ഷേ അവർ ചോദിക്കുന്നത് വേറെ എന്തുജോലിയാ ചെയ്യുന്നത് എന്നാണ്.

ഞാൻ അപ്പോൾ അവരോട് പറയും ഇത് തന്നെയാണ് എന്റെ ജോലി എന്ന്. സിനിമ കൊണ്ട് ജീവിക്കാൻ കഴിയുന്ന വരുമാനം ഉണ്ട് എന്നുപറഞ്ഞാലും അവർക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല. അറിയിക്കാം എന്നുപറഞ്ഞ് അവർ വിളിക്കില്ല. ഏകദേശം മൂന്ന് വർഷം ഞാൻ പെണ്ണാലോചിച്ചു നടന്നു. ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് പെണ്ണ് കാണാൻ പോയത്. രണ്ടുമാസം കഴിഞ്ഞു മെയിൽ വിവാഹം നടത്തി. ലോക്ഡൗൺ നിയന്ത്രണങ്ങൾ അതിരൂക്ഷമായ സമയമായിരുന്നു അത്. എന്റെ ഒരു ചേട്ടൻ ലക്ഷദ്വീപിൽ ജഡ്ജ് ആണ്. അദ്ദേഹത്തിന് പോലും വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇരുപതോളം പേർ മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്.