അയോധ്യയിൽ സുരക്ഷയ്ക്കായി എഐ സാങ്കേതിക വിദ്യ, ഡ്രോൺ പ്രതിരോധ സംവിധാനവും സജ്ജമാണ്

അയോധ്യ. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോധ്യയില്‍ വന്‍ സുരക്ഷാ സന്നാഹം. അയോധ്യയില്‍ ഉത്തരപ്രദേശ് പോലീസും കേന്ദ്രസേനകളും പഴുതടച്ച കാവലാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ വ്യവസായികളും ബോളിവുഡ് കായികതാരങ്ങളും അടക്കം ചടങ്ങില്‍ പങ്കെടുക്കും. സുരക്ഷയ്ക്കായി 13000 ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പുറമെ. എഐ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്.

നഗരത്തില്‍ സുരക്ഷയുടെ ഭാഗമായി 10000 സിസിടിവികള്‍ സ്ഥാപിച്ചു. പ്രദേശത്ത് ഡ്രോണ്‍ പ്രതിരോധ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാസപദാര്‍ഥം ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തടയുന്നതിനും ഭൂകമ്പം പോലുള്ള ദുരന്തങ്ങളെ നേരിടുന്നതിനുമായി എന്‍ഡിആര്‍എഫിനെയും അയോധ്യയില്‍ വിന്യസിച്ചു. ഒപ്പം റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്ക് എത്തിയിട്ടുണ്ട്.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സരയു നദി തീരത്ത് പോലീസ് പട്രോളിങ് ശക്തമാക്കി. അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. അതേസമയം ഉത്തരേന്ത്യയില്‍ തണുപ്പ് ശക്തമായി തുടരുകയാണ്. ജില്ലയിലെ ആശുപത്രികളും മെഡിക്കല്‍ കോളേജുകളിലും കിടക്കകള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്.

അതേസമയം അനുമതിയില്ലാതെ ഒരുി വാഹനം പോലും അയോധ്യയിലേക്ക് കടത്തിവിടില്ല. ശനിയാഴ്ചയും ഞായറാഴ്ചയും ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. ചടങ്ങിലേക്ക് എണ്ണായിരം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ലഭിക്കാത്തവര്‍ക്ക് മുറികള്‍ നല്‍കേണ്ടതില്ലെന്നാണ് ഹോട്ടലുകള്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.