കിണറ്റില്‍ ആരോ മുങ്ങിതാഴുന്നു എന്ന മനസിലായി എടുത്ത് ചാടി, അമീറലി വാരിയെടുത്തത് സ്വന്തം മകന്റെ ജീവന്‍

ആരോ കിണറ്റില്‍ വീണു എന്ന സംശയത്തിലാണ് അമീറലി ഓടിയെത്തിയതും കിണറിലേക്ക് എടുത്ത് ചാടിയതും.മുങ്ങി താഴ്ന്ന ജീവന്‍ ടീഷടര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിച്ചപ്പോഴാണ് അത് തന്റെ സ്വന്തം കുഞ്ഞ് തന്നെയായിരുന്നു എന്ന് അദ്ദേഹം അറിയുന്നത്.മലപ്പുറം വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് ബാങ്കുപടിയിലെ തയ്യാട്ടില്‍ വീട്ടില്‍ അമീറലിയാണ് കിണറ്റില്‍ മുങ്ങി താഴ്ന്ന തന്റെ 11 വയസുള്ള മകനെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

അമീറലിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം അയല്‍ വീട്ടിലെ കുട്ടികള്‍ എല്ലാവരും ഉണ്ടായിരുന്നു.ഇവര്‍ എല്ലാവരും ചേര്‍ന്ന് കളിക്കുകയായിരുന്നു.ഇതിനിടെയാണ് ഭാര്യയുടെ ഉച്ചത്തിലുള്ള നിലവിളി അമീറലി കേള്‍ക്കുന്നത്.ഓടിയെത്തി കാര്യം തിരക്കിയപ്പോഴാണ് കിണറ്റില്‍ ആരോ വീണിട്ടുണ്ടെന്ന് ഭാര്യ അമീറലിയോട് പറയുന്നത്.ഓടിയെത്തി വീട്ടുമുറ്റത്തെ കിണറ്റില്‍ നോക്കിയപ്പോള്‍ അസ്വഭാവികമായി ഒന്നും കണ്ടില്ല.എന്നാല്‍ വീടിന് മുന്നിലുള്ള തൊട്ടടുത്ത കിണറ്റില്‍ നോക്കാന്‍ അമിറലി തീരുമാനിച്ചു.ഈ കിണറ്റില്‍ നോക്കിയപ്പോഴാണ് വെള്ളം നന്നായി ഇളകുന്നത് കണ്ടത്.ഇതോടെ ആരോ കിണറ്റില്‍ വീണിട്ടുണ്ടെന്ന് അമീറലിക്ക് തോന്നി.ഉടന്‍ തന്നെ കിണറിലേക്ക് എടുത്തു ചാടി.ഒരു കുട്ടി മുങ്ങി താഴുന്നത് കണ്ടു.ഊളിയിട്ട് മുങ്ങി താഴ്ന്ന കുട്ടിയുടെ കോളറില്‍ പിടിച്ചുയര്‍ത്തി.അപ്പോള്‍ മാത്രമാണ് കിണറില്‍ വീണത് തന്റെ മകന്‍ റിയാന്‍ തന്നെ ആയിരുന്നു എന്നും മരണത്തില്‍ നിന്നും രക്ഷിച്ചത് സ്വന്തം രക്തത്തെ ആയിരുന്നു എന്നും അമീറലി മനസിലാക്കുന്നത്.ഒടുവില്‍ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ അച്ഛനും മകനും കരയ്ക്ക് കയറി.റിയാന്‍ ചവിട്ടിയ സൈക്കിള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഭിത്തിയില്‍ ഇടിച്ച് കിണറ്റിലേക്ക് വീഴുകയായിരുന്നു.ആരോ കിണറ്റില്‍ വീഴുന്നത് അമീറലിയുടെ ഭാര്യ കണ്ടതാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.