കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടങ്ങളില്‍ തൃപ്തനാകില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും ബിജെപി ഇനിയും മുന്നേറേണ്ടതുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ആസ്ഥാനത്ത് ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ എത്തുകയും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെ എല്ലായിടത്തും ബിജെപി അംഗങ്ങള്‍ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ ബിജെപിയുടെ വളര്‍ച്ച പൂര്‍ണമാകൂവെന്നും അമിത് ഷാ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം പാര്‍ട്ടിയുടെ ഏറ്റവും മികച്ച വിജയമായി കണക്കാക്കാനാവില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് യോഗത്തിനുശേഷം പറഞ്ഞു. ബിജെപിയുടെ മുന്നേറ്റം പൂര്‍ണമായിട്ടില്ലെന്ന് 2014 ല്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തിലും താന്‍ പറഞ്ഞിരുന്നുവെന്ന് അമിത് ഷാ ഓര്‍മ്മിപ്പിച്ചു. 2017 ല്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി വലിയ നേട്ടം കൈവരിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, അതൊന്നും ശരിയായിരുന്നില്ല. ബിജെപിക്ക് ഇനിയും ഒരുപാട് മുന്നേറാനും നേട്ടങ്ങള്‍ കൈവരിക്കാനുമുണ്ട്. അതിനായി സ്വയം സമര്‍പ്പിക്കാന്‍ അദ്ദേഹം പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെട്ട അഞ്ചംഗ സമിതിക്ക് രാജ്യമാകെ അംഗത്വവിതരണത്തിനായി രൂപം നല്‍കി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ബിജെപി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തില്‍ അമിത് ഷാ പറഞ്ഞു.