ലോക്സഭാ തിരഞ്ഞെടുപ്പ്, ജമ്മുവിൽ പാകിസ്താൻ എയർലൈൻസിന്റെ ലോഗോ പതിച്ച ബലൂൺ, സുരക്ഷ ശക്തമാക്കി

ശ്രീനഗർ: തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ജമ്മുവിൽ പാകിസ്താൻ എയർലൈൻസിന്റെ ലോഗോ പതിച്ച ബലൂൺ കണ്ടെടുത്തു. അതിർത്തിയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ദേവക് നദികരയിൽ നിന്നാണ് ബലൂൺ കണ്ടെടുത്തത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി പൊലീസ് .

രണ്ടാംഘട്ട വോട്ടെടുപ്പിൽ തടസം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണോ ഇതിന് പിന്നിലെന്ന് പരിശോധിക്കും. അന്വേഷണം നടക്കുന്നുവെന്ന് പൊലീസ്. നിലവിൽ സ്‌ഫോടക വസ്തുക്കളോ മറ്റ് വസ്തുക്കളോ ബലൂണിൽ നിന്ന് കണ്ടെത്തിയിട്ടില്ല.

വോട്ടെടുപ്പ് ഒരുക്കത്തിനിടെ അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റശ്രമം നടക്കുന്നതായി സുരക്ഷാ സേനയക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബലൂൺ കണ്ടെത്തിയത്.

ജമ്മു ലോക്സഭാ മണ്ഡലത്തിൽ 17 ലക്ഷത്തിലധികം വോട്ടർമാരാണുളളത്. ജമ്മു, സാംബ, റീസി, രജൗരി തുടങ്ങിയ മേഖലകളാണ് ജമ്മു ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്നത്. 2416 പോളിംഗ് സ്റ്റേഷനുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഒന്നാം ഘട്ടമായ ഏപ്രിൽ 19 ന് കശ്മീരിലെ ഉധംപൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നിരുന്നു.